കേന്ദ്ര സര്‍ക്കാരിന്റെ സമവായം പാളി; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കുന്നത്. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഊര്‍ജിത് പട്ടേല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കേന്ദ്രസര്‍ക്കാരിനെക്കുറിച്ചോ ധനമന്ത്രിയെക്കുറിച്ചോ ഒരു വാക്ക് പോലും പറയുന്നില്ലെന്നതാണ് ശ്രദ്ധേയം.

നാളെ അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഊര്‍ജിത് പട്ടേല്‍ രാജി വച്ചത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. നേരത്തേ തന്നെ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി കടുത്ത ഭിന്നതയിലായിരുന്നു ആര്‍ബിഐ ഉന്നതമേധാവികള്‍.

റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതിനെത്തുടര്‍ന്ന് കേന്ദ്രധനമന്ത്രാലയവും ആര്‍ബിഐ ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി നല്‍കിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഭിപ്രായ സമന്വയം ഉണ്ടാകുന്നു എന്ന പ്രതീതിക്കിടെയാണ് ഊര്‍ജിത് പട്ടേല്‍ സ്ഥാനം രാജിവച്ചത്.

Exit mobile version