നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചു; ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരാവസ്ഥയിലേയ്ക്ക്, അയല്‍സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതും തിരിച്ചടിയായി

ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും വായുമലിനീകരണം ഗുരുതരാവസ്ഥയിലായി. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതാണ് ഗുരുതരാവസ്ഥയിലേയ്ക്ക് ഡല്‍ഹിയെ എത്തിച്ചത്. ഇതിനു പുറമെ, അയല്‍സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിച്ചതും തിരിച്ചടിയാവുകയായിരുന്നു.

വായു ഗുണനിലവാര സൂചികയില്‍ (എ.ക്യു.ഐ) ശനിയാഴ്ച 414 ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഇത് ഗുരുതരമായ വിഭാഗത്തിലാണെന്ന് അധികൃതര്‍ അറിയിക്കുന്നു. കഴിഞ്ഞദിവസം 339-ഉം വ്യാഴാഴ്ച 314-ഉം ഉണ്ടായിരുന്നതാണ് ഇന്ന് ഒറ്റദിവസം കൊണ്ട് ഇത്രയും ഉയര്‍ന്നത്. അതേസമയം, നഗരത്തിലെ വായു മലിനീകരണത്തില്‍ 32 ശതമാനവും വൈക്കോല്‍ കത്തിക്കുന്നത് മൂലമാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ കണ്ടെത്തല്‍. നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും പിഎം(പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 2.5 മലിനീകരണതോത് 400 കടന്നു.

ഒട്ടേറെ മേഖലകളില്‍ ഇത് 500-ന് അടുത്താണ്. പലയിടത്തും ശ്വാസതടസം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതായും കാഴ്ച മറഞ്ഞതായും ജനങ്ങളും പറയുന്നു. ശാന്തമായ കാറ്റ് വീശുന്നത് സ്ഥിതി ഗുരുതരമാക്കിയെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം.

Exit mobile version