സൈബര്‍ ആക്രമണത്തിന് പിന്നാലെ ദീപാവലി പരസ്യവും പിന്‍വലിക്കേണ്ടി വന്ന് തനിഷ്‌ക്; സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചത് ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞത്

മുംബൈ: തനിഷ്‌ക് ജ്വല്ലറിയുടെ പുതിയ പരസ്യത്തിന് നേരെയും സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം. ദീപാവലി സീസണോടനുബന്ധിച്ച് ഇറക്കിയ പരസ്യത്തിന് എതിരെയാണ് ഹിന്ദുത്വ അനുകൂലികളുടെ സൈബര്‍ ആക്രമണം നടത്തിയത്. നടിമാരായ നീന ഗുപ്ത, നിമ്രത് കൗര്‍, സയനി ഗുപ്ത തുടങ്ങിയവര്‍ അഭിനയിച്ച പരസ്യത്തിന് എതിരെയാണ് സൈബര്‍ ആക്രമണം. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് പരസ്യത്തില്‍ പറയുന്നുണ്ട്. ഇതാണ് ഹിന്ദുത്വ അനുകൂലികളെ ചൊടിപ്പിച്ചത്.

ദീപാവലി എങ്ങനെ ആഘോഷിക്കണമെന്ന് പറയാന്‍ ഇവരാരാണെന്നാണ് പരസ്യത്തിനെതിരെ വന്ന വിമര്‍ശനം. വിമര്‍ശനം അതിരു കടന്ന് സൈബര്‍ ആക്രമണമായതോടെ തനിഷ്‌ക് ഈ പരസ്യം പിന്‍വലിക്കുകയായിരുന്നു.

സൈബര്‍ ആക്രമണം കടുത്തതോടെ ഇതിലഭിനയിച്ച നടി സയനി ഗുപ്ത തന്നെ രംഗത്തു വന്നു. വായു മലിനീകരണമെന്ന ആഗോള പ്രശ്‌നം എങ്ങനെയാണ് മതത്തിന്റെ പേരില്‍ രാഷ്ട്രീയ വല്‍ക്കരിക്കപ്പെടുന്നതെന്ന് ഞാന്‍ നേരില്‍ കാണുകയാണെന്നും ഇത് അവിശ്വസനീയമാണെന്നും സയനി ഗുപ്ത ട്വീറ്റ് ചെയ്തു. നേരത്തെ ഇറങ്ങിയ മതസൗഹാര്‍ദ്ദ പരസ്യവും സംഘപരിവാര്‍ അനുകൂലികളുടെ ആക്രമണത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

Exit mobile version