മഹാരാഷ്ട്രയില്‍ തീയറ്ററുകള്‍ നാളെ മുതല്‍ തുറക്കും

മുംബൈ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ അടച്ചിട്ട തിയറ്ററുകള്‍ നാളെ മുതല്‍ തുറക്കും. മുംബൈയിലാണ് ആദ്യം തുറക്കുക. പിന്നീട് ഒരുമാസത്തിന് ശേഷം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും തുറക്കും. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് തീയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്.

കണ്ടെയിന്മെന്റ് സോണിന് പുറത്തുള്ള മള്‍ട്ടിപ്ലക്‌സ് അടക്കമുള്ള തിയറ്ററുകള്‍ക്കാണ് നാളെ മുതല്‍ തുറക്കാന്‍ അനുമതി. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഭക്ഷണസാധനങ്ങള്‍ അനുവദിക്കില്ല. സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ ഒക്ടോബര്‍ 14ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്ന് തുറന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

മഹാരാഷ്ട്രയില്‍ മൊത്തം 600ഓളം തിയറ്ററുകളുണ്ടെന്നാണ് കണക്ക്. മുംബൈയില്‍ മാത്രം 200ഓളം തിയറ്ററുകളുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു മഹാരാഷ്ട്ര.മഹാരാഷ്ട്രയില്‍ ഇതുവരെ 1.7 ദശലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. 44,128 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version