‘കങ്കണ നടത്തിയ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ തന്റെ യശസ്സിനു ഭംഗം വരുത്തി’; കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ജാവേദ് അക്തര്‍

മുബൈ: കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനാണ് ജാവേദ് അക്തര്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കങ്കണ നടത്തിയ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ തന്റെ യശസ്സിനു ഭംഗം വരുത്തിയെന്നാണ് ജാവേദ് അക്തര്‍ പരാതിയില്‍ പറയുന്നത്. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് ബോളിവുഡിലെ ഒരു ‘കൂട്ടുകെട്ടിനെപ്പറ്റി’ നടി പരാമര്‍ശിച്ചതും അതില്‍ തന്റെ പേരു വലിച്ചിഴച്ചതെന്നും ജാവേദ് അക്തര്‍ ചൂണ്ടിക്കാട്ടി.

അതേസമയം സമുദായ സ്പര്‍ധയ്ക്കിടയാക്കുന്ന തരത്തില്‍ സംസാരിച്ചതിന് കങ്കണയോടും സഹോദരി രംഗോലി ചന്ദലിനോടും നവംബര്‍ 10, 11 തീയതികളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് മുംബൈ പോലീസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. പ്രകോപനപരമായ പ്രസംഗത്തിനു ബാന്ദ്ര പോലീസ് മറ്റൊരു കേസും കങ്കണയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version