വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ കോടികള്‍ ഒഴുക്കാന്‍ ബിജെപി; തെലങ്കാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവില്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപ

ഹൈദരാബാദ്: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തെലങ്കാനയിലെ ദബ്ബാക്ക് ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാനായി എത്തിച്ച ഒരു കോടി രൂപ പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധു എത്തിച്ച പണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി എം രഘുനന്ദന്‍ റാവുവിന്റെ ഭാര്യാ സഹോദരന്‍ സുരഭി ശ്രീനിവാസ് റാവുവിനേയും ഡ്രൈവറേയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

നേരത്തേയും രഘുനന്ദന്‍ റാവുവിന്റെ ഭാര്യയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 18.65 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ്, ബെഗംപേട്ട് പോലീസിനൊപ്പം കമ്മീഷണര്‍ ടാസ്‌ക് ഫോഴ്സ്, നോര്‍ത്ത് സോണ്‍ ടീം എന്നിവര്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിയ ഒരു കോടി രൂപ പിടിച്ചെടുത്തത്.

ടൊയോട്ട ഇന്നോവയിലാണ് പണമെത്തിച്ചത്. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച പണമാണ് ഇതെന്നാണ് പോലീസ് പറയുന്നു. സംഭവത്തില്‍, വ്യവസായി സുരഭി ശ്രീനിവാസ് റാവു (47), എസ്‌യുവിയുടെ ഡ്രൈവര്‍ ടിരവി കുമാര്‍ (33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 500, 2,000 നോട്ടുകളുടെ കെട്ടാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

Exit mobile version