ഇളകുന്ന നമ്പര്‍ പ്ലേറ്റ്, ഹെല്‍മെറ്റില്ല… തെളിഞ്ഞത് 77ഓളം നിയമലംഘനങ്ങള്‍; പിഴയായി 42,500 രൂപയും! സ്‌കൂട്ടര്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങി അരുണ്‍ കുമാര്‍

ബംഗളൂരു: ഇളകുന്ന നമ്പര്‍ പ്ലേറ്റ്, ഹെല്‍മെറ്റില്ല… തെളിഞ്ഞത് 77ഓളം നിയമലംഘനങ്ങളും. ഇത് ബംഗളൂരുവിലെ അരുണ്‍ കുമാറിന്റെ സ്‌കൂട്ടറിന് പോലീസ് നല്‍കിയ കുറിപ്പടിയിലുള്ളതാണ്. ഒപ്പം 42,500 രൂപ പിഴയും എഴുതി നല്‍കിയിട്ടുണ്ട്.

ട്രാഫിക് സിഗ്‌നല്‍ തെറ്റിക്കലും ട്രിപ്പിളടിക്കലുമായിരുന്നു നിയമലംഘനങ്ങളില്‍ അധികവും. രണ്ട് കൊല്ലത്തെ പിഴയായിട്ടാണ് 42,500 രൂപ മൊത്തം പിഴത്തുക അരുണ്‍കുമാറിന് പോലീസ് പതിച്ച് നല്‍കിയത്. ഇത്രയും നീണ്ട കണക്കോ വലിയ പിഴത്തുകയോ ഒന്നും കണ്ട് അരുണ്‍കുമാര്‍ കുലുങ്ങിയില്ല. വിറ്റാല്‍ 30,000 രൂപ പോലും കിട്ടാത്ത വെറുമൊരു സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറിന് ഫൈന്‍ അടയ്ക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നായി അരുണ്‍ കുമാറിന്റെ ഭാഷ്യം. സ്‌കൂട്ടര്‍ ഉപേക്ഷിക്കാനാണ് അരുണ്‍ കുമാറിന്റെ തീരുമാനം.

പക്ഷേ പോലീസും വിട്ടുകൊടുത്തില്ല, സബ് ഇന്‍സ്പെക്ടര്‍ ശിവരാജ് കുമാര്‍ അംഗാദിയും സംഘവും വാഹനം പിടിച്ചെടുത്തു. പിഴയടക്കാനുള്ള നോട്ടീസയക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ സ്‌കൂട്ടര്‍ ലേലത്തില്‍ വില്‍ക്കുമെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version