ചിത്രം ലൗവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു; സംഘപരിവാര്‍ പ്രചാരണത്തിനു പിന്നലെ ‘കേദര്‍നാഥിന്’ ഉത്തരാഖണ്ഡില്‍ നിരോധനം, ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ഏഴ് ജില്ലകളിലും വിലക്ക്

ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായ നായികയും മുസ്ലീം ചുമട്ടുതൊഴിലാളിയായ നായകനും പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

മുംബൈ: സുശാന്ത് സിങ് രജിപുതും സാറാ അലിഖാനും അഭിനയിക്കുന്ന ചിത്രം കേദര്‍നാഥിന് ഉത്തരാഖണ്ഡില്‍ വിലക്ക്. ചിത്രം ‘ലൗവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന സംഘപരിവാറിന്റെ പ്രചരണത്തിനു പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 7 ജില്ലകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ക്രമസമാധാനം തകര്‍ക്കുമെന്ന് പറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ സിനിമ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ബിജെപി നേതാവായ അജേന്ദ്ര ജയ് പറഞ്ഞിരുന്നു. ബിജെപിയുടെ മാധ്യമവിഭാഗം ചുമതലയുള്ള നേതാക്കളിലൊരാളാണ് അജേന്ദ്ര ജയ്. ”ലവ് ഈസ് എ പില്‍ഗ്രിമേജ്’ എന്നുള്ള സിനിമയുടെ പോസ്റ്ററിലെ ടാഗ്ലൈന്‍ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കേദാര്‍നാഥ് പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയം പറയുന്ന സിനിമ വിശ്വാസികളുടെ വികാരത്തെ കളിയാക്കുകയാണെന്നും അജേന്ദ്ര ജയ് ആരോപിച്ചിരുന്നു.

ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായ നായികയും മുസ്ലീം ചുമട്ടുതൊഴിലാളിയായ നായകനും പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇതാണ് വിവാദത്തിനും വഴിവെച്ചിരിക്കുന്നത്. ലൗ ജിഹാദാണെന്ന് ആരോപിച്ച് നേരത്തെ ചിത്രത്തിനെതിരെ ഉത്തരാഖണ്ഡിലെ സന്യാസിമാരും രംഗത്തെത്തിയിരുന്നു. ഹിന്ദുവായ നായികയെ പല്ലക്കിലേറ്റി മുസ്ലീമായ നായകന്‍ തീര്‍ത്ഥാടന സ്ഥലത്തേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള ചിത്രത്തിന്റെ പോസ്റ്ററിനെതിരെയും ഹിന്ദു സംഘടനകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

Exit mobile version