ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു, നിരപരാധികളെ പോലും വെറുതെ വിടുന്നില്ല; അലഹബാദ് ഹൈക്കോടതിയുടെ വിമര്‍ശനം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം വലിയതോതില്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. ഗോവധത്തിന്റെയും മാംസ വ്യാപാരത്തിന്റെയും പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീന്‍ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് സിദ്ധാര്‍ത്ഥയുടെ നിരീക്ഷണം. എഫ്ഐആറില്‍ ഉള്‍പ്പെടാതിരുന്നിട്ടും ഒരു മാസമായി ജയിലില്‍ കഴിയുകയാണ് ഇദ്ദേഹമെന്ന് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പിന്നാലെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ബീഫ് കൈവശംവെച്ചെന്ന പേരില്‍ നിരപരാധികളെ കേസില്‍ കുടുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഏതു മാംസം പിടികൂടിയാലും അത് ഗോമാംസമായി ചിത്രീകരിക്കപ്പെടുകയാണെന്നും കോടതി പറയുന്നു.

കോടതിയുടെ പരാമര്‍ശം ഇങ്ങനെ;

‘1955ലെ യുപി ഗോവധ നിരോധന നിയമം നിരപരാധികള്‍ക്കെതിരെ വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ഒരാളില്‍നിന്ന് ഏതു മാംസം പിടിച്ചെടുത്താലും പരിശോധനപോലും നടത്താതെ അത് ഗോമാംസമായി ചിത്രീകരിക്കുകയാണ്. മിക്കവാറും കേസുകളില്‍ പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയനായ വ്യക്തി ജയിലില്‍ത്തന്നെ കഴിയുകയും വിചാരണ നടപടികള്‍ക്ക് വിധേയനാവുകയും ഏഴു വര്‍ഷംവരെ ശിക്ഷയ്ക്ക് വിധേയനാവുകയും ചെയ്യുന്നു.

ഇത്തരം കേസുകളില്‍ അധികൃതര്‍ പിടിച്ചെടുക്കുന്ന പശുക്കളുടെ വിവരങ്ങള്‍ സംബന്ധിച്ച് രേഖകള്‍ സൂക്ഷിക്കുന്നില്ല. പിടിച്ചെടുത്ത പശുക്കള്‍ പിന്നീട് എങ്ങോട്ടു പോകുന്നു എന്ന് വ്യക്തമല്ല. ഇത്തരം പശുക്കള്‍ തെരുവുകളില്‍ അലഞ്ഞുതിരിയുകയാണ്. കൂടാതെ, വളര്‍ത്തുന്ന മറ്റു പശുക്കളെയും റോഡുകളില്‍ അലഞ്ഞുതിരിയാന്‍ വിടുകയാണ്. ഇത് വലിയ ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും വഴിവെക്കുന്നു. കൂടാത, പ്രായമായതിന്റെ പേരില്‍ ഉപേക്ഷിക്കപ്പെടുന്ന പശുക്കളും അലഞ്ഞുതിരിയുകയും കൃഷിനശിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളെയും പോലീസിനെയും ഭയന്ന് ഇത്തരം പശുക്കളെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കാനും ഉടമസ്ഥര്‍ ഭയപ്പെടുന്നു.

Exit mobile version