രാജ്യദ്രോഹ കേസ്; നടി കങ്കണ റണാവത്തിനും സഹോദരിക്കും മുംബൈ പോലീസിന്റെ സമന്‍സ്, ചോദ്യം ചെയ്യലിന് 26,27 തീയതികള്‍ ഹാജരാകരണം

മുംബൈ: രാജ്യദ്രോഹക്കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും സമന്‍സ്. മുംബൈ പോലീസ് ആണ് സമന്‍സ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി, ഈ മാസം 26, 27 തീയതികളില്‍ ഹാജരാകണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.

നേരത്തെ, ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്ത്. ഇതേത്തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നിര്‍ദ്ദേശം കൈമാറിയിരിക്കുന്നത്.

നടി കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ വിഭജനമുണ്ടാക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മുന്‍പ്, കര്‍ഷകരെ അപമാനിച്ച പരാമര്‍ശത്തിലും കങ്കണയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തില്‍ പ്രതികരിച്ച കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചതിനായിരുന്നു താരത്തിനെതിരെ കേസെടുത്തത്. കാര്‍ഷിക നിയമത്തില്‍ പ്രതികരിക്കുന്നവര്‍ തീവ്രവാദികളെന്ന് കങ്കണ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു.

Exit mobile version