അഭിഭാഷക ദീപിക സിങ് രജാവത്തിനെതിരെ ഭീഷണിയുമായി ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിന്റെ ശവക്കുഴി ജമ്മുവിന്റെ മണ്ണില്‍ കുഴിക്കുമെന്ന് കൊലവിളി

ന്യൂഡല്‍ഹി: കത്വ കേസില്‍, നതിക്കായി പോരാടിയ അഭിഭാഷക ദീപികാ സിങ് രജാവത്തിന് നേരെ ഹിന്ദുത്വ പ്രവര്‍ത്തകരുടെ ഭീഷണി. ചൊവ്വാഴ്ച രാത്രി അര്‍ധരാത്രിയോടെ വീട്ടിലെത്തിയാണ് പ്രവര്‍ത്തകര്‍ കൊല വിളി ഉയര്‍ത്തിയിരിക്കുന്നത്. നിന്റെ ശവക്കുഴി ജമ്മുവിന്റെ മണ്ണില്‍ കുഴിക്കുമെന്നാണ് പ്രവര്‍ത്തകരുടെ ഭീഷണി.

ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പൊലിസ് സംഘമെത്തിയാണ് ഹിന്ദുത്വ പ്രവര്‍ത്തകരെ നീക്കിയത്. ആള്‍ക്കൂട്ടം തന്റെ വീടിനു പുറത്ത് തടിച്ചുകൂടി ഭീഷണി മുഴക്കുന്നതായി ദീപിക തന്നെയാണ് അറിയിച്ചത്. സംഭവത്തിന്റെ വീഡിയോയും ദീപിക ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ വിരോധാഭാസം ചിത്രീകരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് ഹിന്ദുത്വ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. നവരാത്രിയുമായി ബന്ധപ്പെടുത്തിയായിരുന്നു കാര്‍ട്ടൂണ്‍.

നവരാത്രി സമയത്ത് ദേവിയെ ആരാധിക്കുകയും മറ്റു ദിവസങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ആക്രമണവും വ്യക്തമാക്കുന്നതായിരുന്നു ദീപിക പങ്കുവെച്ച ചിത്രത്തിന് ആധാരം. വിരോധാഭാസം എന്ന ക്യാപ്ഷനോടെയാണ് ദീപിക കാര്‍ട്ടുണ്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ഹിന്ദുത്വ പ്രവര്‍ത്തകരുടെ കൊലവിളി.

Exit mobile version