ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് പേര്‍ കുഴഞ്ഞു വീണു; രണ്ട് മരണം

ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ആസാദ്പൂര്‍ മേഖലയിലാണ് ദാരുണ സംഭവം. ആസാദ്പൂരിലെ ജി ബ്ലോക്കിലെ ഗോള്‍ഡ് ഫാക്ടററിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് പേര്‍ അബോധാവസ്ഥയിലായെന്ന് ഞായറാഴ്ച വൈകീട്ട് 6.45നാണ് പോലീസിന് വിവരം ലഭിക്കുന്നത്.

ഉടന്‍ തന്നെ നാല് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്ത് എത്തിച്ചു. സ്വര്‍ണ്ണം വെള്ളി ആഭരങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമായതിനാല്‍ ഇവ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന വെള്ളമാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഉപയോഗിച്ചത്.

ഏഴ് പേര്‍ ചേര്‍ന്നാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയത്. ഇതില്‍ മൂന്ന് പേര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ ഉടന്‍ മരിച്ചു. 45കാരായ ഇദ്രിസ്, സലീം എന്നിവരാണ് മരിച്ചത്.

Exit mobile version