ഓണ്‍ലൈന്‍ ഗെയിം കളിച്ച് കളഞ്ഞത് 30 ലക്ഷം, ഇരട്ടി കടം; മനംനൊന്ത് ഭാര്യയ്ക്ക് സന്ദേശം അയച്ച് യുവാവ് സ്വയം തീ കൊളുത്തി മരിച്ചു

പുതുച്ചേരി: ഓണ്‍ലൈനില്‍ ഗെയിം കളിച്ച് 30 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട യുവാവ് മനംനൊന്ത് ജീവനൊടുക്കി. പുതുച്ചേരിയില്‍ താമസിക്കുന്ന വിജയ് കുമാറാണ് ഭാര്യയ്ക്ക് ശബ്ദസന്ദേശം അയച്ച ശേഷം സ്വയം തീകൊളുത്തി മരിച്ചത്. പതിവായി ഓണ്‍ലൈനില്‍ ചീട്ട് കളിച്ചിരുന്ന വിജയ് കുമാറിന് 30 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് പോലീസ് പറയുന്നത്.

ഇതേത്തുടര്‍ന്ന് കടബാധ്യതകളും വര്‍ധിച്ചു. ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് യുവാവ് ജീവന്‍ അവസാനിപ്പിക്കാന്‍ തുനിഞ്ഞതെന്ന് പോലീസ് പറയുന്നു. മരിക്കുന്നതിന് മുമ്പ് വിജയ് കുമാര്‍ ഇക്കാര്യങ്ങളെല്ലാം വിശദമാക്കി ഭാര്യയ്ക്ക് ശബ്ദസന്ദേശം അയച്ചിരുന്നു. കടം കൂടിവരികയാണെന്നും ഇതൊന്നും അടച്ചുതീര്‍ക്കാന്‍ തനിക്കാവില്ലെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

അതിനാലാണ് ജീവനൊടുക്കുന്നതെന്നും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ടവര്‍ സൂക്ഷിക്കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. വിജയ്കുമാറിന്റെ സന്ദേശം ലഭിച്ചതിന് പിന്നാലെ ഭാര്യ പോലീസില്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ മംഗലം പോലീസ് ഇദ്ദേഹത്തിന്റെ താമസ സ്ഥലത്ത് എത്തിയപ്പോള്‍ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്.

Exit mobile version