മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു; നടി കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസെടുക്കണം, ഉത്തരവിട്ട് കോടതി

മുംബൈ: മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും എതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. മഹാരാഷ്ട്രയിലെ ബാന്ദ്ര മെട്രോപോളിറ്റന്‍ കോടതിയുടേതാണ് നിര്‍ദേശം. കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് പരിശീലകനുമായ മുനവ്വര്‍ അലി സയിദ് എന്നയാളാണ് കങ്കണയ്ക്കും രംഗോലിക്കുമെതിരെ കോടതിയെ സമീപിച്ചത്.

സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും കങ്കണ ശ്രമിച്ചുവെന്നാണ് ഹര്‍ജിക്കാരന്‍ പ്രധാനമായും ആരോപിച്ചത്. പരാതി പ്രഥമദൃഷ്ട്യാല്‍ പരിശോധിച്ചതില്‍നിന്ന്, ആരോപണ വിധേയ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടുവെന്ന് മെട്രോപോളിറ്റന്‍ മജിസ്ട്രേട്ട് ജയ്ദിയോ ഖുലേ പറഞ്ഞു.

ആരോപണങ്ങള്‍ ട്വിറ്റര്‍, അഭിമുഖങ്ങള്‍ എന്നിങ്ങനെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോപണ വിധേയ ട്വിറ്റര്‍ പോലുള്ള സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. വിദഗ്ധര്‍ വിഷയത്തില്‍ നിശദമായ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിടുകയും ചെയ്തു.

Exit mobile version