വൈദ്യുതി മുടങ്ങി; മുംബൈ നഗരം സ്തംഭിച്ചത് മണിക്കൂര്‍ നേരം

മുംബൈ: വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് മുംബൈ നഗരം സ്തംഭിച്ചത് മണിക്കൂര്‍ നേരം. വിതരണ ശൃംഖലയിലുണ്ടായ തകരാറിനെതുടര്‍ന്നാണ് വൈദ്യുതി മുടങ്ങിയത്. ഇതോടെ ടെലികോം, റെയില്‍ മേഖലകളെല്ലാം സ്തംഭിച്ചതായാണ് വിവരം. അതേസമയം, സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും സാധാരണരീതിയില്‍തന്നെ പ്രവര്‍ത്തിച്ചു. വൈദ്യുതി തകരാറിനെതുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വെയിലെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി റെയില്‍വെയും അറിയിച്ചു.

ടാറ്റ പവറിന്റെ വിതരണശൃംഖലയിലെ തകരാറാണ് വൈദ്യുതി മുടങ്ങാനിടയാക്കിയതെന്ന് വെസ്റ്റേണ്‍ റെയില്‍വെ ട്വിറ്ററിലൂടെ അറിയിച്ചു. വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് നഗരത്തിലെ ട്രാഫിക് സിഗ്‌നലുകളും പ്രവര്‍ത്തന രഹിതമായി. കാല്‍വ-പഡ്ഗെ പവര്‍ഹൗസിലുണ്ടായ സാങ്കേതിക തകരാറാണ് കാരണമെന്നും ഒരുമണിക്കൂറിനകം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മഹാരാഷ്ട്ര ഊര്‍ജ വകുപ്പ് മന്ത്രി നിതിന്‍ റാവത്ത് അറയിച്ചു. രാവിലെ 10മണിയോടെയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.

Exit mobile version