വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞ് 9-ാം ക്ലാസുകാരന്‍; നാടകത്തിലൂടെ പിതാവനോട് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയും, പൊളിച്ച് കൈയില്‍ കൊടുത്ത് പോലീസ്

ചെന്നൈ: വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥയിലൂടെ പിതാവില്‍നിന്ന് 10 ലക്ഷം രൂപ അപഹരിക്കാന്‍ ശ്രമിച്ച ഒമ്പതാം ക്ലാസുകാരന്‍ പിടിയില്‍. ചെന്നൈയിലാണ് സംഭവം. പിതാവില്‍ നിന്ന് പണം തട്ടുവാന്‍ വിദ്യാര്‍ത്ഥി വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ മെനയുകയായിരുന്നു. ഒടുവില്‍ പിതാവ് പരാതി നല്‍കിയതോടെയാണ് പോലീസ് നാടകത്തിന് പര്യവസാനം കുറിച്ചത്.

വീട്ടില്‍നിന്ന് ട്യൂഷന്‍ ക്ലാസിലേക്ക് പോയ 14-കാരനാണ് തന്നെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയക്കണമെങ്കില്‍ ഇവര്‍ക്ക് 10 ലക്ഷം രൂപ നല്‍കണമെന്നും പിതാവിനെ ഫോണില്‍ വിളിച്ചറിയിച്ചത്. ഇത് കേട്ടതോടെ ഓട്ടോമൊബൈല്‍ ആക്‌സസറീസ് കട നടത്തുന്ന പിതാവ് പരിഭ്രാന്തനായി. മറ്റൊന്നും ചിന്തിക്കാതെ കട പൂട്ടി ഉടന്‍ തന്നെ ചെന്നൈ ട്രിപ്ലിക്കേനിലെ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നാടകം പൊളിഞ്ഞത്.

കുട്ടിയുടെ കൈയിലുള്ള മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി സ്ഥലം കണ്ടുപിടിക്കാനായിരുന്നു ആദ്യ ശ്രമം. ചെപ്പോക്കിലാണ് മൊബൈല്‍ ലൊക്കേഷനെന്ന് മനസിലായതോടെ പോലീസ് സംഘം അങ്ങോട്ടേക്ക് തിരിച്ചു. ഒടുവില്‍, റെയില്‍വേ സ്റ്റേഷന് സമീപം കൂളായി നില്‍ക്കുന്ന കുട്ടിയെയാണ് കണ്ടത്. ഇതോടെ തട്ടിക്കൊണ്ടുപോകല്‍ പരാതി കള്ളത്തരമാണെന്ന് പോലീസിന് പിടികിട്ടി.

എന്നാല്‍ പോലീസ് ചോദിച്ചപ്പോഴെല്ലാം തന്നെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്ന കഥ കുട്ടി ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സംഭവത്തില്‍ വ്യക്തത വരുത്തിയത്. 14കാരനും സുഹൃത്തും ഒരു ഒട്ടോറിക്ഷയില്‍ ചെപ്പോക്കില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍നിന്ന് ലഭിച്ചത്. ഓട്ടോ ഡ്രൈവറെ കണ്ടെത്തി ചോദ്യംചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

ട്യൂഷന്‍ സെന്ററില്‍നിന്ന് 14-കാരനും സുഹൃത്തും ഓണ്‍ലൈന്‍ വഴി ഓട്ടം വിളിച്ചെന്നും ചെപ്പോക്കിലേക്കാണ് ഓട്ടം വന്നതെന്നും ഡ്രൈവര്‍ മൊഴി നല്‍കി. ഇതോടെയാണ് പിതാവില്‍നിന്ന് പണം സ്വന്തമാക്കാനാണ് തട്ടിക്കൊണ്ടുപോയെന്ന കഥ മെനഞ്ഞതെന്നും ഒരു തമിഴ് സിനിമയാണ് ഇതിന് പ്രചോദനമായതെന്നും കുട്ടി വെളിപ്പെടുത്തിയത്.

Exit mobile version