പ്രചരണത്തിന് മാസ്‌ക് നിര്‍ബന്ധം, കെട്ടിപ്പിടുത്തവും ഹസ്തദാനവും വേണ്ട; ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദേശങ്ങള്‍

പാട്‌ന: കൊവിഡ് വ്യാപനം ഏറുന്ന സാഹചര്യത്തിലും ഈ മാസം നിയസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് ബിഹാര്‍. ഇപ്പോള്‍ വൈറസ് ഭീതി നിലനില്‍ക്കെ പുതിയ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നവരെല്ലാം മാസ്‌ക് നിര്‍ബന്ധമായി ധരിച്ചിരിക്കണമെന്നാണ് പ്രധാനമായി നല്‍കുന്ന നിര്‍ദേശം. ബിഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

നിര്‍ദേശങ്ങള്‍ ഇങ്ങനെ;

പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നവരെല്ലാം മാസ്‌ക് നിര്‍ബന്ധമായി ധരിച്ചിരിക്കണം, അടച്ചിട്ട ഹാളുകളില്‍ പരമാവധി 200 പേരെ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂവെന്നും ഇതോടൊപ്പം അണികള്‍ മാസ്‌ക് ധരിച്ച് മാത്രമേ ഹാളുകളില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്ന എല്ലാവരും ആറടി സാമൂഹിക അകലം പാലിക്കണം. വോട്ടര്‍മാരെ കെട്ടിപ്പിടിക്കാനോ, ഹസ്തദാനം നല്‍കാനോ പാടില്ല.

തെരഞ്ഞടുപ്പ് പരിപാടികള്‍ നടത്തുന്ന വേദികളില്‍ നാപ്കിനുകള്‍ ലഭ്യമാക്കണം. പരിപാടിയ്ക്ക് മുമ്പും ശേഷവും വേദിയും പരിസരവും അണുനശീകരണം നടത്തണം. ജനങ്ങളുമായി നേരിട്ട് ഇടപെടുന്നത് ഒഴിവാക്കാനായി ആകാശവാണി, ദൂരദര്‍ശന്‍ എന്നി സംവിധാനങ്ങള്‍ ഉപയോഗിക്കാം. ഇതിന്റെ ഭാഗമായി ആകാശവാണിയിലും ദൂരദര്‍ശനിലും സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരട്ടിയായി വര്‍ധിപ്പിച്ചിരിക്കുകയാണ്.

എല്ലാ പ്രാദേശിക, ദേശീയ പാര്‍ട്ടികള്‍ക്കും പ്രചരണത്തിനായി 90 മിനിറ്റ് സമയമാണ് ദൂരദര്‍ശന്റെയും ആകാശവാണിയുടെയും പ്രാദേശിക കേന്ദ്രങ്ങളില്‍ അനുവദിക്കുക. 2015 ലെ തെരഞ്ഞെടുപ്പിലെ പ്രകടനം മുന്‍നിര്‍ത്തിയാണ് അധിക സമയം നല്‍കേണ്ട കാര്യത്തില്‍ തീരുമാനമെടുക്കുക. 30 മിനിറ്റ് സമയത്തില്‍ കൂടുതല്‍ ഒരു പാര്‍ട്ടിയ്ക്കും നല്‍കില്ല.

Exit mobile version