സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ല; രാജീവ് ബജാജ്

മുബൈ: സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പ്രമുഖ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസ്. ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ച മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നു കമ്പനി അറിയിച്ചു.

അര്‍ണബിന്റെ റിപ്പബ്ലിക്ക് ഉള്‍പ്പടെ മൂന്ന് ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചുവെന്ന് മുബൈ പോലീസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് ഇത്തരത്തില്‍ പ്രതികരിച്ചത്. റിപ്പബ്ലിക് ടിവി, ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകളാണ് ടിആര്‍പിയില്‍ കൃത്രിമത്വം കാണിച്ചിരിക്കുന്നത്.

‘സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കാന്‍ ബാജാജിനാകില്ല. ബിസിനസില്‍ ബ്രാന്‍ഡ് വളര്‍ത്തിയെടുക്കേണ്ടത് പ്രധാനം തന്നെയാണ്. എന്നാല്‍ വ്യവസായം പടുത്തുയര്‍ത്തുക മാത്രമാകരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം. സമൂഹത്തിന്റെ നന്മകൂടി ലക്ഷ്യം വക്കേണ്ടതുണ്ട്’ എന്നാണ് രാജീവ് പറഞ്ഞത്.

Exit mobile version