അന്ന് അഭിമുഖത്തിന് അധ്യാപകന്‍ യാത്രക്കൂലിയായി 500 രൂപ നല്‍കി; ഇന്ന് കണക്ക് മാഷിന് സമ്മാനമായി 30 ലക്ഷം നല്‍കി ബാങ്ക് സിഇഒ, വൈറലായി ഒരു ‘ഗുരുദക്ഷിണ’

അന്ന് അഭിമുഖത്തിന് പോകാന്‍ യാത്രാക്കൂലിയായി 500 രൂപ നല്‍കി സഹായിച്ച അധ്യാപകനെ ഞെട്ടിച്ച് സമ്മനവുമായി ബാങ്ക് സിഇഒ. 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികള്‍ സമ്മാനിച്ചാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സിഇഒ വി വൈദ്യനാഥന്‍ തന്റെ കണക്ക് ടീച്ചറെ ഞെട്ടിച്ചത്.

ഗുര്‍ദിയാല്‍ സരൂപ് സൈനി എന്ന അധ്യാപകനാണ് ബാങ്കിന്റെ ഇത്രയും മൂല്യമുള്ള ഓഹരികള്‍ സമ്മാനിച്ചത്. ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ സഹായം നല്‍കിയ അധ്യാപകനെ എന്നെന്നും ഓര്‍ത്തുകൊണ്ട് പങ്കുവെച്ച കുറിപ്പ് ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ പ്രവേശനം ലഭിച്ച അദ്ദേഹത്തിന് അഭിമുഖത്തിനും കൗണ്‍സലിങിനും ഹാജരാകേണ്ടതുണ്ടായിരുന്നു. പണമില്ലാതിരുന്ന സാഹചര്യത്തിലാണ് അധ്യാപകന്‍ 500 രൂപ വൈദ്യനാഥന് നല്‍കിയത്. ബിറ്റ്സില്‍ പഠിച്ച അദ്ദേഹം തൊഴില്‍മേഖലിയില്‍ മികച്ച നിലയിലെത്തുകയും ചെയ്തു. ജോലി ലഭിച്ചതിനുപിന്നാലെ ഗുരുനാഥനെ അദ്ദേഹം അന്വേഷിച്ചെങ്കിലും ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് സഹപാഠിയുടെ സഹായത്തോടെ ആഗ്രയില്‍നിന്ന് കണ്ടെത്തിയത്.

തന്റെ കൈവശമുള്ള ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികളില്‍നിന്ന് ഒരു ലക്ഷം ഓഹരികളാണ് വൈദ്യനാഥന്‍ ഗുരുനാഥന് സമ്മാനമായി നല്‍കിയത്. ഈ മാസം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചശേഷമായിരുന്നു കൈമാറ്റം.

Exit mobile version