“ഒരു ഷോയില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം, മാസ്‌കും തെര്‍മല്‍ സ്‌കാനിങും നിര്‍ബന്ധം”; രാജ്യത്ത് തീയറ്റര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

ന്യൂഡല്‍ഹി: അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി തീയേറ്ററുകള്‍ തുറക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു.രാജ്യത്ത് സിനിമാതിയേറ്ററുകള്‍ ഈ മാസം 15 മുതല്‍ തുറക്കാമെന്നായിരുന്നു അനുമതി. ഇതിന്റെ ഭാഗമായി തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കറാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.

തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റിയിലെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ,ഒരു ഷോയില്‍ 50 ശതമാനം ആളുകളെ മാത്രമേ തീയേറ്ററില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. സാമൂഹിക അകലം പാലിച്ച് ആളുകള്‍ക്ക് ഒന്നിടവിട്ട സീറ്റുകള്‍ മാത്രമേ അനുവദിക്കാവൂ. മാസ്‌ക് നിര്‍ബന്ധമാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയേറ്ററിനുള്ളില്‍ പ്രവേശിപ്പിക്കാവൂ. തിയേറ്ററിനകത്ത് പ്രവേശിക്കുന്നത് തെര്‍മല്‍ സ്‌കാനിങ് നിര്‍ബന്ധമാണ്. തുടങ്ങിയവയാണ് മാര്‍ഗ രേഖയില്‍ പറയുന്നത്.

രണ്ടു പ്രദര്‍ശനങ്ങള്‍ തമ്മില്‍ കൃത്യമായ ഇടവേള ഉണ്ടായിരിക്കണം. ഇടവേളകളില്‍ ആളുകളെ പുറത്തു വിടുന്നത് ഒഴിവാക്കണം. ഇടവേളകളില്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്‌ക് ധരിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന അനൗണ്‍സ്‌മെന്റ് നടത്തണം. തീയേറ്ററിനുള്ളിലെ കഫറ്റീരിയകളില്‍ പാക്കറ്റ് ഫുഡും പാനീയങ്ങളും മാത്രമേ അനുവദിക്കാവൂ.

ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്നിലേറെ കൗണ്ടറുകള്‍ തുറക്കണം. ഡിജിറ്റല്‍ പേയ്‌മെന്റ് ,ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം. അതത് ഷോയ്ക്ക് ടിക്കറ്റ് നല്‍കുന്നതിന് പകരം ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് നല്‍കണം. മള്‍ട്ടിപ്ലക്‌സുകളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. തിയേറ്ററിനകത്ത് തുപ്പുന്നത് അടക്കമുള്ളവ കര്‍ശനമായി തടയണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

തീയറ്റര്‍ തുറക്കുന്നതിന് 24 നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മാര്ഗരേഖ അനുസരിച്ച് സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും ഈ മാസം 15 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് തീയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിച്ചിട്ടുണ്ട്.

Exit mobile version