ഇത്തവണയും അക്കിടി; നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച ബിജെപി നേതാക്കള്‍ക്ക് അടല്‍ ടണ്‍ ചിത്രം മാറിപ്പോയി, പങ്കുവെച്ചത് അമേരിക്കയിലെ ടണല്‍

ന്യൂഡല്‍ഹി: ഇത്തവണയും ബിജെപി നേതാക്കള്‍ക്ക് അക്കിടി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത ഹിമാചല്‍ പ്രദേശിലെ അടല്‍ ടണലിന്റെ ചിത്രമാണ് മാറിപ്പോയത്. മോഡി ഉദ്ഘാടനം ചെയ്ത ടണലിന്റെ ചിത്രത്തിന് പകരം വെച്ചത് യുഎസിലെ 8 വര്‍ഷം പഴക്കമുള്ള ടണലിന്റെ ചിത്രമാണ്. സംഭവം സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെയാണ് പറ്റിയ അക്കടി നേതാക്കള്‍ തിരിച്ചറിഞ്ഞത്.

മോഡിയെ അഭിനന്ദിച്ച് ബിജെപി ഡല്‍ഹി യൂണിറ്റ് പ്രസിഡന്റ് ആദേശ് ഗുപ്തയാണ് യഥാര്‍ത്ഥ അടല്‍ ടണലിന്റെ ചിത്രത്തിന് പകരം അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ടോം ലാന്റോസ് ടണലിന്റെ ചിത്രം പങ്കുവെച്ചത്. ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ ജനക്പുരിയില്‍ നിന്നുള്ള കൗണ്‍സിലറായ ബിജെപി അംഗം നരേന്ദ്ര കുമാര്‍ ചൗളയും ഈ ചിത്ര പങ്കുവെച്ചവരില്‍ ഒരാളാണ്.

നിരവധി ബിജെപി അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകള്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ടോം ലാന്റോസ് ടണല്‍ 2013 മാര്‍ച്ചിലാണ് തുറന്നുകൊടുത്തത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ മൊണ്ടാര പര്‍വതത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ തുരങ്കത്തിന് വേണ്ടി പ്രവര്‍ത്തിച്ച അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ടോം ലാന്റോസിന്റെ പേരിലാണ് അത് അറിയപ്പെടുന്നത്. ടോം ലാന്റോസ് ടണലിന്റെ കവാടം വൃത്താകൃതിയില്‍ ആണെങ്കില്‍ അടല്‍ ടണലിന്റെ കവാടം ചതുരാകൃതിയിലാണ്.

Exit mobile version