വിവരാവകാശ നിയമപ്രകാരം മൂന്നാമതൊരു കക്ഷി താന്‍ റിലീസാകുന്നതിന്റെ തീയതിയോ സമയമോ അറിയാന്‍ പാടില്ല; ആവശ്യവുമായി ശശികല, ജയില്‍ അധികൃതര്‍ക്ക് അയച്ച കത്ത് പുറത്ത്

ചെന്നൈ: താന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന തീയതിയോ സമയമോ തുടങ്ങിയ വിശദാംശങ്ങള്‍ മറ്റാര്‍ക്കും നല്‍കരുതെന്ന ആവശ്യവുമായി തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല. ജയില്‍ അധികൃതര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം മൂന്നാമതൊരു കക്ഷി താന്‍ റിലീസാകുന്നതിന്റെ തീയതിയോ സമയമോ അറിയാന്‍ പാടില്ലെന്ന് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ ശശികല ആവശ്യപ്പെടുന്നു.

‘രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കും ജനശ്രദ്ധ തേടുന്നതിനും വേണ്ടി ചിലര്‍ എന്റെ റിലീസിംഗ് സമയം അറിയാനായി അപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. ഇത് എന്റെ മോചനത്തെ സങ്കീര്‍ണ്ണമാക്കുമെന്ന് കരുതുന്നു’, കത്തില്‍ ശശികല പറഞ്ഞു. വിചാരണ കാത്തിരിക്കുന്ന തടവുകാരുടെയും പ്രതികളുടെയും വിവരങ്ങള്‍ നല്‍കരുതെന്ന വേദ് പ്രകാശ് ആര്യവ്സ് കേസ് ശശികല ചൂണ്ടിക്കാണിച്ചു.

അനധികൃത സ്വത്ത് സമ്പാദനകേസില്‍ നാല് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് നിലവില്‍ ജയിലില്‍ കഴിയുകയാണ് ശശികല. പത്ത് കോടി രൂപ പിഴയടക്കുകയാണെങ്കില്‍ 2021 ജനുവരി 27 നാണ് ശശികല ജയില്‍മോചിതയാകാന്‍ സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version