രജനി ഫാന്‍സ് അസോസിയേഷന്‍ സ്ഥാപകന്‍ ആശുപത്രിയില്‍; വിളിച്ച് ആശ്വസിപ്പിച്ച് രജനികാന്ത്, വലിയ ആശ്വാസമെന്ന് മുത്തുമണി

രജനികാന്ത് ഫാന്‍സ് അസോസിയേഷന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന മുത്തുമണിക്ക് ആശ്വാസവാക്കുകളുമായി സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മധുരൈ ജില്ലയില്‍ രജനിയ്ക്ക് വേണ്ടി ആരാധകരെ ഒന്നിപ്പിച്ച് മുത്തുമണി സംഘടന തുടങ്ങുന്നത്.

ശ്വാസകോശത്തില്‍ ഗുരുതരമായ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ മുത്തുമണിയെ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെയാണ് മുത്തുമണിയെ തേടി രജനികാന്തിന്റെ ഫോണ്‍കോള്‍ എത്തുന്നത്.

കഴിഞ്ഞ ഇരുപത് ദിവസങ്ങളായി താന്‍ വിഷാദത്തിലായിരുന്നുവെന്ന് മുത്തുമണി പറയുന്നു. എന്നാല്‍ തന്റെ അമ്മയായും അച്ഛനായും ദൈവമായും കരുതുന്ന രജനിയുടെ ശബ്ദം കേട്ടപ്പോള്‍ മനസ്സിന് സുഖം തോന്നുന്നതായും മുത്തുമണി പ്രതികരിച്ചു. സംഭവത്തിന്റെ ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും നിറഞ്ഞു കഴിഞ്ഞു.

Exit mobile version