പ്രസവശേഷം വണ്ണംകൂടി, 15 കിലോ കുറച്ച് മാസങ്ങള്‍ക്കൊണ്ട്; പ്രചോദനമാകുന്ന കുറിപ്പ് പങ്കുവെച്ച് ഐഎഎസ് ഓഫീസര്‍ സൊനാല്‍ ഗോയല്‍

പ്രസവശേഷം വണ്ണംകൂടിയതിന് പിന്നാലെ കുറച്ച് മാസങ്ങള്‍ക്ക് കൊണ്ട് 15 കിലോ കുറച്ച് പ്രചോദനമായി ഐഎഎസ് ഓഫീസര്‍ സൊനാല്‍ ഗോയല്‍. 2017ല്‍ താന്‍ ഏറ്റവുമധികം വണ്ണംവച്ച കാലത്തെയും ശേഷം കഠിനാധ്വാനത്തിലൂടെ അത് കുറച്ചതെങ്ങനെയെന്നുമാണ് സൊനാല്‍ പങ്കുവെയ്ക്കുന്നത്.

പ്രസവശേഷം വണ്ണംവെക്കാനുള്ള സാധ്യതയെക്കുറിച്ചും അത് കുറച്ചുകൊണ്ടുവരാന്‍ മുന്‍കൈയ്യെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സൊനാല്‍ പങ്കുവെയ്ക്കുന്നു. ‘ശരീരം ക്ഷേത്രമാണ്’ എന്നു പറഞ്ഞാണ് സൊനാല്‍ കുറിപ്പ് ആരംഭിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

എന്റെ നല്ല ആരോഗ്യത്തിലേക്കും ഫിറ്റ്നസിലേക്കുമുള്ള യാത്ര പങ്കുവെക്കുന്നു. ആരോഗ്യകരമായിരിക്കുക എന്നത് എല്ലാവരെ സംബന്ധിച്ചിടത്തോളവും പ്രധാനപ്പെട്ട കാര്യമാണ്, പ്രത്യേകിച്ച് സ്ത്രീകളില്‍. നമ്മളെപ്പോഴും ഒരു ഒഴിവുകഴിവ് കണ്ടുപിടിച്ചുകൊണ്ടിരിക്കും, പ്രത്യേകിച്ച് പ്രസവശേഷം വണ്ണം വെക്കുന്ന സമയത്ത്. അതുതന്നെയായിരുന്നു എന്റെ കാര്യവും, 2009ല്‍ വിവാഹം കഴിഞ്ഞതുമുതല്‍ ക്രമേണ വണ്ണം വര്‍ധിക്കാന്‍ തുടങ്ങി, 2013ല്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച സമയത്ത് അമിതവണ്ണവുമായി. നീ ഒരു അമ്മയായിരിക്കുകയാണ്, അല്‍പം വണ്ണം വെക്കുന്നതൊക്കെ സാധാരണമാണെന്നു പറഞ്ഞ് സമൂഹവും നമ്മുടെ വണ്ണംവെക്കലിനെ ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിക്കും. എന്നിരുന്നാലും ഞാന്‍ വ്യായാമങ്ങള്‍ ചെയ്തുവന്നു, സ്ഥിരമല്ലെങ്കില്‍പ്പോലും.

20172018 കാലത്ത് ജാജറില്‍ പോസ്റ്റിങ് ആയ സമയത്താണ് എയറോബിക്സും സുംബയും യോഗയുമൊക്കെ ആരംഭിക്കുന്നത്. ഫലം വളരെയധികം പ്രചോദിപ്പിക്കുന്നതായിരുന്നു. മാസങ്ങള്‍ക്കുളളില്‍ എനിക്ക് പതിനഞ്ചു കിലോയോളം കുറയ്ക്കാന്‍ കഴിഞ്ഞു. അതുമാത്രമല്ല നിത്യജീവിതത്തിലും തൊഴിലിടത്തിലും കൂടുതല്‍ ഊര്‍ജസ്വലയാവുകയും ചെയ്തു.

2018ല്‍ രണ്ടാമത് ഗര്‍ഭം ധരിച്ച സമയത്തും ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം യോഗയും ചില വ്യായാമങ്ങളുമൊക്കെ ചെയ്തിരുന്നു. 2020ല്‍ വീണ്ടും ഞാന്‍ പഴയ ശരീരപ്രകൃതത്തിലേക്കു പോകാന്‍ തീരുമാനമെടുത്തു. അങ്ങനെ എട്ടൊമ്പത് മാസം മുമ്പ് തുടങ്ങിയ കഠിനാധ്വാനം ഗര്‍ഭധാരണത്തിനു മുമ്പുള്ള ശരീരപ്രകൃതത്തിലേക്ക് എത്താന്‍ പ്രാപ്തമാക്കി. ഓഫീസ്, കുട്ടികള്‍, വീട്ടുത്തരവാദിത്തങ്ങള്‍ തുടങ്ങിയവയ്ക്കിടയില്‍ ഒരു ഷെഡ്യൂളില്‍ തുടരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഞാന്‍ സന്തുഷ്ടയാണ്, എനിക്കത് ചെയ്യാന്‍ കഴിഞ്ഞു. മറ്റെന്തും കാത്തിരിക്കും പക്ഷേ ആരോഗ്യവും ഫിറ്റ്നസും അങ്ങനെയല്ല എന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞു. ആരോഗ്യത്തോടുള്ള നമ്മുടെ അവജ്ഞതയെ അവബോധം കൊണ്ട് മാറ്റിമറിക്കണം.

Exit mobile version