വര്‍ഗീയ സംഘര്‍ഷം ഉണ്ടാകും…! അമിത് ഷാ നയിക്കുന്ന രഥയാത്ര വിലക്കി ബംഗാള്‍

കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നയിക്കുന്ന രഥയാത്രയ്ക്ക് പശ്ചിമ ബംഗാളിലെ കൂച്ച്ബഹാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കല്‍ക്കട്ട ഹൈക്കോടതിയാണ് രഥയാത്ര വിലക്കിയത്. റാലി നടത്തിപ്പുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷയില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും പ്രതികരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം നല്‍കിയ ഹര്‍ജിയിലാണ് വിധി.

രഥ യാത്ര നടന്നാല്‍ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി റാലി വിലക്കിയത്. സമാധാനപരമായി രഥ യാത്ര നടത്താമെന്ന ബിജെപിയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല. സംഘര്‍ഷം ഉണ്ടായാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന് കോടതി ചോദിച്ചു. ക്രമസമാധാനപാലനം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു ബിജെപിയുടെ മറുപടി.

രഥയാത്രക്ക് തടസ്സം നില്‍ക്കുന്നവരുടെ നെഞ്ചിലൂടെ രഥത്തിന്റെ ചക്രം കയറ്റി അരക്കുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ആര് തടസം നിന്നാലും റാലി നടത്തുമെന്നും ബിജെപി നേതാവ് വെല്ലുവിളിച്ചിരുന്നു.

42 ലോക്‌സഭ മണ്ഡലങ്ങളിലൂടെ പോകുന്ന രഥ യാത്ര മൂന്നു ഘട്ടങ്ങളായി
നടത്താനായിരുന്നു ബിജെപിയുടെ തീരുമാനം. ആദ്യ ഘട്ടം ഏഴിന് കൂച്ച്ബഹാര്‍ ജില്ലയില്‍നിന്നും. രണ്ടാം ഘട്ട യാത്ര ഒമ്പതിനു സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്നും. മൂന്നാം ഘട്ടം ബിര്‍മും ജില്ലയില്‍ ഡിസംബര്‍ 14 നും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

യാത്രയുടെ അവസാനം കൊല്‍ക്കത്തയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആദ്യ ഘട്ട യാത്രയില്‍തന്നെ മമത സര്‍ക്കാര്‍ വിലക്കുമായി രംഗത്തുവന്നിരിക്കുന്നത്.

Exit mobile version