ഹിന്ദി അറിയാത്തതിന്റെ പേരില്‍ ലോണ്‍ നിഷേധിച്ചു; ഈ നടപടി മാനസിക ബുദ്ധിമുട്ടുണ്ടാക്കി, ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്കിന് നോട്ടീസ് അയച്ച് ഡോക്ടര്‍

അരിയലൂര്‍: ഹിന്ദി അറിയാത്തതിന്റെ പേരില്‍ ലോണ്‍ നിഷേധിച്ചുവെന്ന് ഡോക്ടറുടെ പരാതി. 2001 ല്‍ ജയകോണ്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിരമിച്ച ഡോ. ബാലസുബ്രഹ്മണ്യന്‍ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അരിയലൂര്‍ ജില്ലയിലാണ് അദ്ദേഹത്തിന്റെ താമസം. 2002 മുതല്‍ ദേശസാല്‍കൃത ബാങ്കിന്റെ ഗംഗൈകൊണ്ടചോളപുരം ശാഖയില്‍ അക്കൗണ്ടുണ്ട്.

പത്ത് ദിവസം മുന്‍പാണ് ഇദ്ദേഹം വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചത്. അതേസമയം, മഹാരാഷ്ട്രക്കാരനായ ബാങ്ക് മാനേജര്‍ തനിക്ക് ഹിന്ദി അറിയുമോ എന്ന് ചോദിച്ചെന്നും തനിക്ക് തമിഴും ഇംഗ്ലീഷും മാത്രമേ അറിയുള്ളൂ എന്ന് പറഞ്ഞുവെന്നും ബാലസുബ്രഹ്മണ്യന്‍ വ്യക്തമാക്കി.

തുടര്‍ന്ന് ഇതിന്റെ പേരില്‍ തര്‍ക്കം നടന്നതായും, രേഖകള്‍ ഹിന്ദിയില്‍ അല്ലാത്തതിനാല്‍ വായിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ മാനേജര്‍ വായ്പ നിഷേധിക്കുയും ചെയ്തെന്ന് ഇദ്ദേഹം ആരോപിക്കുന്നു. പിന്നാലെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം നോട്ടീസ് അയക്കുകയായിരുന്നു. ബാങ്കില്‍ നിന്ന് നേരിടേണ്ടി വന്ന നടപടി തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പറഞ്ഞുകൊണ്ടാണ് ബാങ്കിനെതിരെ അദ്ദേഹം വക്കീല്‍ നോട്ടീല് അയച്ചത്.

Exit mobile version