രാജ്യത്ത് കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയത് 38 പേര്‍; രാജ്യത്തെ കബളിപ്പിച്ച് 38 പേരും മുങ്ങിയത് മോഡിയുടെ ഭരണ കാലങ്ങളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയത് 38 പേര്‍. നരേന്ദ്ര മോഡിയുടെ ഭരണ കാലയളവിലാണ് ഇത്രയും പേര്‍ രാജ്യത്തെ കബളിപ്പിച്ച് മുങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ സിബിഐ അന്വേഷണം നേരിടുന്നവരുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

കേരളത്തില്‍ നിന്നുള്ള എംപി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് ധനസഹമന്ത്രി അനുരാഗ് സിങ് താക്കുറാണ് മറുപടി നല്‍കിയത്. 1.1 2015 നും 31.12. 2019 നും ഇടയില്‍ ബാങ്കുകളുമായുള്ള ഇടപാടുകളില്‍ വന്‍ തുകകളുടെ തട്ടിപ്പ് നടത്തി 38 പേര്‍ രാജ്യം വിട്ടെന്ന് മന്ത്രി മറുപടി നല്‍കിയത്. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി ഉള്‍പ്പെടെയുള്ള അതിസമ്പന്നരാണ് രാജ്യത്തെ കബളിപ്പിച്ച് മുങ്ങിയവരുടെ പട്ടികയിലുള്ളത്.

ഇതില്‍ 20 പേര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനായി ഇന്റര്‍പോളിനെ സമീപിച്ചെന്ന് മന്ത്രി വിശദീകരിച്ചു. 14 പേരെ കൈമാറാനായി വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായും 11 പേര്‍ക്കെതിരെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേര്‍സ് നിയമം ചുമത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇവര്‍ നടത്തിയ ക്രമക്കേടുകളുടെ വ്യാപ്തി മന്ത്രി വിശദീകരിക്കാന്‍ തയ്യാറായിട്ടില്ല.

Exit mobile version