ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാടിന് പിന്നാലെ കര്‍ണാടകയിലും പ്രതിഷേധം

ബംഗളുരു: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിനെതിരെ തമിഴ്‌നാടിന് പുറമെ കര്‍ണാടകയിലും പ്രതിഷേധം. ‘ഹിന്ദി ദിനമായ തിങ്കളാഴ്ചയാണ് കന്നട അനുകൂല സംഘടനകള്‍ പ്രതിഷേധമാചരിക്കുന്നത്. ‘കന്നഡ ഗൃഹകാര കൂട്ട’യുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ക്യാംപെയിന്‍ വെള്ളിയാഴ്ച ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. കഴിഞ്ഞവര്‍ഷം ഹിന്ദി ദിനം സംസ്ഥാനത്ത് കന്നട സംഘടനകള്‍ കരിദിനമായി ആചരിച്ചിരുന്നു.

ഹിന്ദി ഗൊത്തില്ല ഹോഗോ, നാവു കന്നഡിഗരു, നാവു ദ്രാവിഡരു’ (ഹിന്ദി അറിയില്ല പോകൂ, ഞങ്ങള്‍ കന്നഡിഗര്‍, ഞങ്ങള്‍ ദ്രാവിഡര്‍) എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനു പുറമെ ‘സെര്‍വ് ഇന്‍മൈ ലാംഗ്വേജ്’ എന്ന ഹാഷ്ടാഗിലും പ്രചാരണം നടക്കുന്നുണ്ട്.

ഇതിനെല്ലാം പുറമെ, ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടുത്തിയ ടീ ഷര്‍ട്ടുകളും പുറത്തിറക്കിയിട്ടുണ്ട്. ‘കര്‍ണാടക രക്ഷണവേദികെ’യുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘാടകര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയം ഹിന്ദി അടിച്ചേല്‍പിക്കാനുള്ള നീക്കത്തെ ശക്തിപ്പെടുത്തുന്നതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഹിന്ദിക്ക് അമിതപ്രാധാന്യം നല്‍കുന്നതിലൂടെ മറ്റു ഭാഷകള്‍ സംസാരിക്കുന്നവരുടെ അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version