അന്ന് ഉള്ളിയെങ്കില്‍ ഇന്ന് തക്കാളി; കുത്തനെ കയറി വില, കിലോയ്ക്ക് 80-85 രൂപ വരെ! അറിയാം കേരളത്തിലെ വിലയും

ന്യൂഡല്‍ഹി: തക്കാളി വിലയില്‍ വന്‍ വര്‍ധനവ്. റോക്കറ്റ് കണക്കെയാണ് വില വര്‍ധനവുണ്ടായിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് ചില്ലറ വില്‍പ്പനയ്ക്ക് കിലോയ്ക്ക് ഇടാക്കുന്നത് 80 മുതല്‍ 85 രൂപ വരെയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നുണ്ടായ ഉല്‍പാദനക്കുറവാണ് തക്കാളി വില കുതിച്ച് കയറാന്‍ ഇടയാക്കിയതെന്ന് മൊത്തവില്‍പ്പനക്കാരന്‍ പറയുന്നു.

അതേസമയം സര്‍ക്കാര്‍ വിവരമനുസരിച്ച് ഡല്‍ഹിയില്‍ തക്കാളി കിലോക്ക് 60 രൂപയാണ് വില. തക്കാളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വരവ് കുറയുകയും ചെയ്തു. ഇതോടെ തക്കാളിക്ക് ക്ഷാമം നേരിടുമെന്ന കാര്യത്തില്‍ ഉറപ്പാവുകയാണ്. വില ഇനിയും ഉയര്‍ന്നേയ്ക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ പ്രധാന തക്കാളി ഉല്‍പാദന കേന്ദ്രങ്ങള്‍. കൊവിഡ് കാലത്ത് തൊഴിലാളികളെ ലഭിക്കാത്തതും ഉല്‍പാദനത്തിന് തിരിച്ചടിയായി. കേരളത്തിലും തക്കാളി വില കുതിക്കുകയാണ്. കഴിഞ്ഞ ദിവസം ചില്ലറ വിപണിയില്‍ കിലോക്ക് 50 രൂപക്കടുത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലും തക്കാളി വില ഇതിനോടകം 50 കടന്നു.

Exit mobile version