കെട്ടിടം അനധികൃത നിര്‍മ്മാണം തന്നെ; കങ്കണയ്ക്ക് 2018ല്‍ ബിഎംസി അയച്ച നോട്ടീസ് പുറത്ത്

ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം ഭാഗികമായി പൊളിച്ച സംഭവത്തില്‍ വിവാദവും വാദ പ്രതിവാദങ്ങളും കത്തിനില്‍ക്കെ 2018 ല്‍ ബിഎംസി അയച്ച നോട്ടീസ് പുറത്ത്. കെട്ടിടം അനധികൃത നിര്‍മ്മാണം തന്നെയാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. മുംബൈയിലുളള കങ്കണയുടെ വസതിയില്‍ അനധികൃത നിര്‍മാണം നടന്നിട്ടുണ്ടെന്ന് ബിഎംസി അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.

ഓഫീസ് നിര്‍മാണത്തേക്കാള്‍ ഗുരുതരമാണ് വസതിയിലെ അനധികൃത നിര്‍മാണമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. മുംബൈയിലെ ഖര്‍ വെസ്റ്റിലെ 16-ാം റോഡിലുളള ഡിബി ബ്രീസിലാണ് റണാവത്തിന്റെ ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത്. അഞ്ചാംനിലയില്‍ മൂന്നുഫ്ളാറ്റുകളാണ് കങ്കണയ്ക്ക് ഉള്ളത്.

797 ചതുരശ്ര അടി, 711 ചതുരശ്ര അടി, 459 ചതുരശ്ര അടിയിലുള്ള മൂന്നു ഫ്ളാറ്റുകളാണ് 2013-ല്‍ മാര്‍ച്ച് എട്ടിന് കങ്കണ സ്വന്തമാക്കിയത്. കങ്കണയ്ക്ക് പുറമേ ഇതേ കെട്ടിടത്തിലെ മറ്റുതാമസക്കാര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. 2013-ല്‍ കങ്കണ ഫ്ളാറ്റിന് അനധികൃത നിര്‍മാണം ആരോപിച്ച് 2018 മാര്‍ച്ച് 26-നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫ്ളാറ്റില്‍ നടത്തിയ അനധികൃത നിര്‍മാണങ്ങളും അനുമതി ലഭിച്ച പ്ലാനില്‍ നിന്ന് ഭിന്നമായി നടത്തിയ നിര്‍മാണങ്ങളും നോട്ടീസില്‍ ബിഎംസി പറയുന്നുണ്ട്.

Exit mobile version