ഗ്രാമവാസികളെ സന്ദര്‍ശിക്കാന്‍ ട്രക്കിംഗ് നടത്തി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി; 24 കിലോമീറ്റര്‍ ദൂരം 11 മണിക്കൂര്‍ സമയം നടന്ന പെമ ഖണ്ഡുവിന് കൈയ്യടി

ഇറ്റാനഗര്‍: ഗ്രാമവാസികളെ സന്ദര്‍ശിക്കാന്‍ ട്രക്കിംഗ് നടത്തി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു. അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തില്‍ നിന്ന് ഗ്രാമവാസികളെ കാണാനാണ് അദ്ദേഹം എത്തിയത്. 24 കിലോമീറ്റര്‍ ദൂരം 11 മണിക്കൂര്‍ സമയം നടന്നാണ് അദ്ദേഹം ഗ്രാമത്തിലെത്തിച്ചേര്‍ന്നത്.

പര്‍വ്വത പ്രദേശങ്ങളും വനങ്ങളും കടന്നാണ് പെമ തവാങില്‍ നിന്നും 97 കിലോമീറ്റര്‍ ദൂരമുള്ള ലുഗുതങ് ഗ്രാമത്തിലെത്തിയത്. ലുഗുതങിലേക്കുള്ള യാത്രയില്‍ കര്‍പുല കടന്നു പോകുക എന്ന വളരെ ദുഷ്‌കരമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തവാങ് ജില്ലയിലെ തിങ്ബു താലൂക്കില്‍ സമുദ്രനിരപ്പില്‍ നിന്ന് 14500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ പത്ത് വീടുകളിലായി അമ്പത് പേരാണ് താമസിക്കുന്നത്. ‘എല്ലാ വികസന പദ്ധതികളും എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പു വരുത്താന്‍ ലുഗുതങ്ങിലെ ഗ്രാമീണരുമായി അവലോകന യോഗം നടത്തി’ പെമ ഖണ്ഡു അറിയിച്ചു.

ഈ ഗ്രാമത്തിലേക്ക് റോഡിലൂടെയുള്ള യാത്ര അസാധ്യമാണ്. കര്‍പുല പര്‍വ്വതപ്രദേശം കടന്നാണ് ഇവിടേയ്ക്ക് എത്തിച്ചേരേണ്ടത്. നിരവധി തടാകങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രകൃതി സുന്ദര ദൃശ്യങ്ങള്‍ ഇവിടേയ്ക്കുള്ള യാത്രയില്‍ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Exit mobile version