കൊവിഡ് രോഗ ലക്ഷണമുള്ളവര്‍ക്ക് റാപിഡ് ടെസ്റ്റ് പോര; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം; പുതിയ നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് രോഗ ലക്ഷണമുള്ളവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും പിസിആര്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.ഒരു സമിതിയെ നിയോഗിച്ച് കൃത്യമായി മേല്‍നോട്ടം വഹിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് മാത്രമായിരുന്നു ഇതുവരെ നടത്തിയിരുന്നത്. എന്നാല്‍ ആന്റിജന്‍ ടെസ്റ്റിലെയും പിസിആര്‍ ടെസ്റ്റിലെയും ഫലങ്ങളില്‍ വ്യത്യാസം വരാം എന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാലും പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കുന്നത്.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്തായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 പേര്‍ക്കാണ് രോഗം ബാധിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 44,65,863 ആയി ഉയര്‍ന്നു.

മരണസംഖ്യ 75,000 കടന്നു. ഇന്നലെ മാത്രം 1,172 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 9,19,018 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 77.77 ശതമാനമാണ്.

Exit mobile version