‘ബ്രാഹ്മണന് ഖുറാന്‍ നല്‍കിയിട്ട് ഇസ്ലലാം പ്രചരിപ്പിക്കാന്‍ പറയുന്നതുപോലെ’ ഹിന്ദി അറിയാത്ത തന്നെ ജിഎസ്ടി ഹിന്ദി സെല്ലില്‍ നിയമിച്ചതില്‍ രോഷം രേഖപ്പെടുത്തി ഐആര്‍എസ് ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: ഹിന്ദി ഭാഷ അറിയാതെ ജിഎസ്ടി ഹിന്ദി സെല്ലിലേയ്ക്ക് മാറ്റിയതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി തമിഴ്‌നാട്ടിലെ ഐആര്‍എസ് വകുപ്പ് ഉദ്യോഗസ്ഥന്‍. ഐആര്‍എസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോസ്ഥനായ ബി ബാലമുരുകനാണ് കടുത്ത രോഷം രേഖപ്പെടുത്തി രംഗത്തെത്തിയത്.

ഹിന്ദി സെല്ലില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് താല്പര്യമില്ല. ഭാഷ അറിയാത്ത എന്നെ ഹിന്ദി സെല്ലിലേക്ക് നിയമിച്ചത് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി തന്നെയെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറയുന്നു. ഒരു ബ്രാഹ്മണന് ഖുറാനോ ബൈബിളോ നല്‍കിയിട്ട് ഇസ്ലാം മതമോ, ക്രിസ്തു മതമോ പ്രചരിപ്പിക്കണമെന്ന പറയുന്നതിന് തുല്യമാണിതെന്ന് ബാലമുരുകന്‍ പറയുന്നു.

ചെന്നൈയിലെ ജിഎസ്ടി കമ്മീഷന്റെ ഹിന്ദി സെല്ലില്‍ കഴിഞ്ഞ വര്‍ഷമാണ് ബാലമുരുകനെ നിയമിച്ചത്. നിയമനത്തില്‍ പ്രതിഷേധിച്ച് അന്ന് തന്നെ സിബിഐസിയ്ക്ക് താന്‍ കത്തയച്ചിരുന്നുവെന്നും ബാലമുരുകന്‍ കൂട്ടിച്ചേര്‍ത്തു. കമ്മീഷന്റെ ഹിന്ദി സെല്ലിലേക്ക് നിയമിക്കപ്പെടുന്ന വ്യക്തിയ്ക്ക് ഹിന്ദി ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവുണ്ടായിരിക്കണമെന്നും അതിന് അയാള്‍ തല്പരനാണോ എന്ന് അന്വേഷിക്കണമെന്നും ബാലമുരുകന്‍ അയച്ച കത്തില്‍ പറയുന്നുണ്ട്.

ഔദ്യോഗിക തലങ്ങളില്‍ ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുകയും ഫയലുകളില്‍ ഹിന്ദി ഉപയോഗം വര്‍ധിപ്പിക്കുകയുമാണ് സെല്ലിലെ പ്രധാന ജോലിയെന്നും ബാലമുരുകന്‍ പറഞ്ഞു. ഭാഷ അറിയാത്ത ഒരാള്‍ക്ക് എങ്ങനെ ഇവിടെ പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു. പല ഫയലുകളിലും 50 ശതമാനം വിവരങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത് ഹിന്ദിയിലാണ്. എന്താണ് എഴുതിയിരിക്കുന്നത് പോലുമറിയാതെയാണ് പലപ്പോഴും ഒപ്പിടുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version