ബോളിവുഡ് താരം കങ്കണയുടെ ഓഫീസ് പൊളിക്കുന്നതിന് സ്റ്റേ

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിക്കുന്നതിന് സ്റ്റേ. ബോംബെ ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. കെട്ടിടം പൊളിച്ചു നീക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കങ്കണ കോടതിയെ സമീപിച്ചത്. അതേസമയം മഹാരാഷ്ട്ര സര്‍ക്കാറുമായുള്ള തര്‍ക്കം നിലനില്‍ക്കെ കങ്കണ ഇന്ന് മുംബൈയിലെത്തും.

അനധികൃത നിര്‍മാണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കങ്കണയുടെ കെട്ടിടം പൊളിക്കാന്‍ മുംബൈ കോര്‍പറേഷന്‍ തീരുമാനിച്ചത്. പൊളിക്കുന്നതിന് മുന്‍പ് വിഷയത്തില്‍ 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ കങ്കണക്ക് ബിഎംസി നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം നല്‍കാത്ത സാഹചര്യത്തിലാണ് ഇന്ന് കെട്ടിടം പൊളിച്ചുതുടങ്ങിയത്. മുംബൈ ഘര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസിനോട് ചേര്‍ന്ന കെട്ടിടമാണ് ബ്രിഹന്‍സ് മുംബൈ കോര്‍പറേഷന്‍ പൊളിക്കാന്‍ തുടങ്ങിയത്.

രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്നും രാമക്ഷേത്രം പൊളിച്ചതിന് തുല്യമാണിതെന്നും കങ്കണ കെട്ടിടം പൊളിക്കലിനോട് പ്രതികരിച്ചിരുന്നു. നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് കങ്കണയും മഹാരാഷ്ട്ര സര്‍ക്കാറും പോര് തുടങ്ങിയത്. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാറും ശിവസേനയും പ്രതിഷേധവുമായെത്തി. കങ്കണ മുംബൈയില്‍ ജീവിക്കേണ്ടതില്ലെന്ന് ശിവസേന പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കങ്കണക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കുകയും ചെയ്തു.

Exit mobile version