‘ബാബറും പടയാളികളും പൊളിക്കുന്നത് രാമക്ഷേത്രം’; കങ്കണ

ബോളിവുഡ് താരം കങ്കണയുടെ മുംബൈയിലെ ഓഫീസ് കെട്ടിടം ബൃഹത്ത് മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് തുടങ്ങി. കെട്ടിടം നിര്‍മ്മിച്ചത് അനധികൃതമായെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഎംസി ഇത്തരത്തിലൊരു നടപടി എടുത്തിരിക്കുന്നത്. അതേസമയം ഇത് ജനാധിപത്യത്തിന്റെ മരണമെന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.


‘തന്റെ കെട്ടിടത്തില്‍ അനധികൃതമായ യാതൊരു നിര്‍മാണവും നടന്നിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 30 വരെ പൊളിച്ചുനീക്കലുകള്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നതാണ്. ഫാസിസം എന്നാലിതാണ്. ഞാനൊരിക്കലും തെറ്റായിരുന്നില്ല, എന്റെ ശത്രുക്കള്‍ തെളിയിക്കുന്നതും അതാണ്. അതുകൊണ്ടാണ് എന്റെ മുംബൈ ഇന്ന് പാകിസ്താനായത്. ബാബറും പടയാളികളും പൊളിച്ചു നീക്കുന്നത് രാമക്ഷേത്രമാണ്. മണികര്‍ണ്ണിക ഫിലിംസ് എന്ന പേരിലുള്ള സിനിമാ കമ്പനിയുടെ കെട്ടിടം തനിക്ക് രാമക്ഷേത്രത്തോളം പവിത്രമാണ്. അത് തകര്‍ക്കുക എന്നാല്‍ രാമക്ഷേത്രം തകര്‍ക്കുംപോലെ വേദനാജനകമാണ്’ എന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്.


മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് ഏറെ വിവാദമായിരുന്നു. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കങ്കണയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു. ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണ പാക് അധീന കാശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്നായിരുന്നു ശിവസേനാ എംപി സഞ്ജയ് റാവുത്തിന്റെ പ്രതികരണം.

Exit mobile version