മുംബൈയിലേയ്ക്ക് തിരിച്ചുവരരുതെന്ന് കങ്കണയോട് ശിവസേന എംപി; താരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയും

മുംബൈ: മുംബൈയിലേയ്ക്ക് തിരിച്ചുവരരുതെന്ന് ബോളിവുഡ് നടി കങ്കണയോട് ശിവസേന എംപി ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ശിവസേനാ എംപി സഞ്ജയ് റാവത്ത് ആണ് താരത്തിന് ഭീഷണിയുമായി രംഗത്തെത്തിയത്.

കങ്കണയെ ശിവസേനാ എംപി ഭീഷണിപ്പെടുത്തിയ സംഭവം നിര്‍ഭാഗ്യകരമായിപ്പോയിയെന്ന് രാംദാസ് അത്താവാലെ പ്രതികരിച്ചു. യുവനടന്‍ സുശാന്ത് സിംഗ് രാജ്പുതിന് നീതി ലഭിക്കാനുള്ള കങ്കണയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുണ്ട്. റാവത്ത് കങ്കണയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ മുഴുവന്‍ സത്യം അറിയില്ല. എന്നാല്‍ റാവത്ത് കങ്കണയെ ഭീഷണിപ്പെടുത്തിയെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. കങ്കണയുടെ കുടുംബത്തിനും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് രാംദാസ് അത്താവാലെ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് മന്ത്രി പിന്തുണ പ്രഖ്യാപിച്ചത്.

സഞ്ജയ് റാവത്ത് ഭീഷണിപ്പെടുത്തിയെന്ന് വ്യാഴാഴ്ചയാണ് നടി ട്വിറ്ററിലൂടെ അവകാശപ്പെട്ടത്. ആസാദി ഗ്രാഫിറ്റികള്‍ക്ക് ശേഷം മുംബൈയിലെ തെരുവുകളില്‍ ഭീഷണിയുടെ സ്വരമാണ് ഉള്ളത്. പാകിസ്താന്‍ അധീന കാശ്മീര്‍ പോലെയാണ് മുംബൈയെക്കുറിച്ച് തോന്നുന്നതെന്നും കങ്കണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

Exit mobile version