പബ്ജിക്ക് പകരം ഇന്ത്യയുടെ സ്വന്തം ‘ഫൗ-ജി’; വരുമാനത്തിന്റെ 20 ശതമാനം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്

രാജ്യത്ത് പബ്ജി നിരോധിച്ചതിന് പിന്നാലെ പബ്ജിക്ക് പകരക്കാരനാകാന്‍ പുതിയ ഗെയിമുമായി ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗെയിമിങ് പബ്ലിഷര്‍. ഫൗ-ജി (ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ്-ഗാര്‍ഡ്‌സ്) എന്ന പേരിലുള്ള ഗെയിം പൂര്‍ണമായും ഇന്ത്യയിലാണ് രൂപം നല്‍കിയിരിക്കുന്നത്.
പബ്ജിക്ക് സമാനമായ മള്‍ട്ടിപ്ലെയര്‍ ആക്ഷന്‍ ഗെയിമാണ് ഫൗ-ജി എന്നാണ് കമ്പനിയുടെ അവകാശ വാദം.

ഗെയിമില്‍ നിന്ന് ലഭിക്കുന്നതിന്റെ 20 ശതമാനം തുക രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനുള്ള സഹായം നല്‍കുന്ന ‘ഭാരത് കെ വീര്‍’ ട്രസ്റ്റിലേക്ക് നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു. ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ആണ് ഫൗ-ജിയുടെ മെന്റര്‍.

ഇന്ത്യന്‍ സൈനികര്‍ കൈകാര്യം ചെയ്ത ഭീഷണികളുടെ യഥാര്‍ത്ഥ സംഭവങ്ങള്‍ ഗെയിമിലുണ്ടാവുമെന്ന് കമ്പനി അറിയിക്കുന്നു.ഗാല്‍വന്‍ താഴ് വരയുമായി ബന്ധപ്പെട്ടതാവും ആദ്യത്തെ ലെവല്‍. ഒക്ടോബര്‍ അവസാനത്തോടെ ഗെയിം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗെയിം ലഭ്യമാകും.

Exit mobile version