കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; യെദിയൂരപ്പ മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്നത് ഏഴാമത്തെ മന്ത്രിക്ക്

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഗ്രാമവികസന മന്ത്രിയും ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ കെഎസ് ഈശ്വരപ്പക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘ഇന്ന് എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഇപ്പോള്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഞാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്’, ഈശ്വരപ്പ ട്വിറ്ററില്‍ കുറിച്ചു. യെദിയൂരപ്പ മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് ഈശ്വരപ്പ.

ഇന്നലെ വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജോലെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ മാസം മുഖ്യമന്ത്രി യെദിയൂരപ്പ, ആരോഗ്യമന്ത്രി ബി ശ്രീരാമുലു,ടൂറിസം മന്ത്രി സിടി രവി,കൃഷി മന്ത്രി ബിസി പാട്ടീല്‍,വനം മന്ത്രി ആനന്ദ് സിങ് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം, കര്‍ണാടകത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇന്ന് 9058 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 135 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version