കൊവിഡ് പ്രതിസന്ധി അവസാനിച്ചാലും എസി കോച്ചുകളില്‍ പുതപ്പുകളും വിരിപ്പുകളും നല്‍കിയേക്കില്ല

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി അവസാനിച്ചാലും എസി കോച്ചുകളില്‍ പുതപ്പുകളും വിരിപ്പുകളും നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ബാധ അവസാനിച്ചാലും സര്‍വീസുകള്‍ പൂര്‍വ്വസ്ഥിതിയിലായും എസി കോച്ചുകളിലെ യാത്രക്കാര്‍ക്ക് തലയണ, പുതപ്പ്, ഹാന്റ് ടവല്‍, വിരിപ്പ് എന്നിവയാണ് നല്‍കിയേക്കില്ലെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.

ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ആയിട്ടില്ലെങ്കിലും ഈ ആഴ്ച ആദ്യം റെയില്‍വേ ബോര്‍ഡ് ഉന്നതരും മേഖലാ, ഡിവിഷണല്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ഉന്നതതല വീഡിയോ കോണ്‍ഫറന്‍സില്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഓരോ ലിനന്‍ സെറ്റും കഴുകാന്‍ റെയില്‍വേക്ക് 40-50 രൂപ വരെ ചെലവ് വരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. കണക്കനുസരിച്ച്, ഏകദേശം 18 ലക്ഷം ലിനന്‍ സെറ്റുകളാണ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. ഒരു പുതപ്പിന്റെ കാലാവധി ഏകദേശം 48 മാസത്തോളമാണ്. മാസത്തിലൊരിക്കലാണ് ഇവ കഴുകി വൃത്തിയാക്കുന്നത്.

പുതപ്പുകളും തലയണകളുമൊക്കെ നല്‍കുന്നത് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയ വക്താവ് പറഞ്ഞു. ”നിലവില്‍, കൊവിഡ് സാഹചര്യം കാരണം ഞങ്ങള്‍ ലിനന്‍ നല്‍കുന്നില്ല. സ്ഥിതി സാധാരണമാകുമ്പോള്‍, ഈ തീരുമാനങ്ങളെല്ലാം അവലോകനം ചെയ്യും,” വക്താവ് പ്രതികരിക്കുന്നു.

Exit mobile version