ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 74 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗ്രാമത്തില്‍ വൈദ്യുതി എത്തി

ശ്രീനഗര്‍: സ്വാതന്ത്ര്യം ലഭിച്ച് 74 വര്‍ഷങ്ങള്‍ക്ക് ശേഷം വൈദ്യുതി ലഭിച്ച ഗ്രാമമുണ്ട് ഇന്ത്യയില്‍. ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിലെ മാച്ചില്‍ എന്ന ഗ്രാമത്തിലാണ് സ്വാതന്ത്ര്യം ലഭിച്ച് 74 വര്‍ഷങ്ങള്‍ക്ക് ശേഷം വൈദ്യുതി ലഭിക്കുന്നത്. ഇന്ത്യ-പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

മറ്റൊരു അതിര്‍ത്തി ഗ്രാമമായ കേരനില്‍ സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് വൈദ്യുതി എത്തിച്ചിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായാണ് മാച്ചിലിലും വൈദ്യുതി എത്തിച്ചത്.എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലേക്കും ഉടന്‍ വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ വ്യക്തമാക്കി.

ഇന്ത്യ-പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഈ ഗ്രാമത്തില്‍ ഇതുവരെ ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതി എത്തിച്ചിരുന്നത്. ഡീസല്‍ ലഭ്യത, വിതരണം തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം എല്ലാ ദിവസവും മൂന്നു മണിക്കൂര്‍ മാത്രമാണ് ഇവിടെ വൈദ്യുതി ലഭിച്ചിരുന്നത്. ഡീസല്‍ ജനറേറ്റര്‍ മാറ്റി ഗ്രിഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ പ്രദേശത്ത് 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികള്‍.

Exit mobile version