കൊവിഡ് മാര്‍ഗ നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് പിഴ ഒരു ലക്ഷം..! കടുപ്പിച്ച് ഒഡീഷ, നിയമം ഭേദഗതി ചെയ്യും

ഭുവനേശ്വര്‍: കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നിയമം കടുപ്പിച്ച് മുന്‍പോട്ട് പോകുവാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒഡീഷ സര്‍ക്കാര്‍. കൊവിഡ് മാര്‍ഗ നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് പിഴയായി ഒരു ലക്ഷം രൂപ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇതിനായി പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്യാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചു.

1897ലെ പകര്‍ച്ചവ്യാധി നിയമത്തിലെ സെക്ഷന്‍ മൂന്ന് ഭേദഗതി ചെയ്യുമെന്ന് ചീഫ് സെക്രട്ടറി അസിത് ത്രിപാഠി പറഞ്ഞു. ഇത് പ്രകാരം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് രണ്ട് വര്‍ഷം തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിച്ചേക്കാമെന്നാണ് വിവരം. നിയമസഭ ചേരാത്തതിനാല്‍ ഓര്‍ഡിനന്‍സിലൂടെ നിയമം ഭേദഗതി ചെയ്യുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 52,000 കവിയുകയും മരണസംഖ്യ 314 ആകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത തീരുമാനത്തിലേയ്ക്ക് കടക്കുന്നത്. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സംസ്ഥാനത്ത് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും അതിന് നിയമത്തിന്റെ പിന്തുണ ആവശ്യമാണെന്നും അതിനാലാണ് പകര്‍ച്ചവ്യാധി നിയമം ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്യുന്നതെന്നും ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Exit mobile version