സുശാന്ത് സിങ്ങിന്റെ മരണം; റിയ ചക്രബര്‍ത്തിക്ക് എതിരെ സിബിഐ എഫ്‌ഐആര്‍, റിയയുടെ അച്ഛനും സഹോദരനും ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെയും കേസ്

മുംബൈ: സുശാന്ത് സിങ്ങിന്റെ മരണത്തില്‍ ബോളിവുഡ് നടി റിയ ചക്രബര്‍ത്തിക്ക് എതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനു പുറമെ, റിയയുടെ അച്ഛനും സഹോദരനും ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന സാമ്പത്തിക ക്രമക്കേട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെ റിയയെ ചോദ്യം ചെയ്യും.

റിയയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സുശാന്തിനെ കള്ളപ്പണം വെളുപ്പിക്കാന്‍ റിയയും റിയയുടെ സഹോദരനും ഉപയോഗിച്ചെന്ന സുശാന്തിന്റെ അച്ഛന്റെ പരാതി ഗൗരവമുള്ളതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാണുന്നത്. സുശാന്തിന്റെ പേരിലുള്ള കമ്പനികളിലെല്ലാം റിയയും സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തിയും പങ്കാളികളാണ്. 15 കോടിയിലധികം ഷൗവിക് ഈ കമ്പനികള്‍ മറയാക്കി വെളുപ്പിച്ചെന്നാണ് ബിഹാര്‍ പോലീസിന് നല്‍കിയ പരാതി.

സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബിഹാര്‍ പോലീസെടുത്ത എഫ്‌ഐആറിന്റെ പകര്‍പ്പും ഇഡി ശേഖരിച്ചിട്ടുണ്ട്. സുശാന്തുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിയ മുംബൈ പോലീസിന് മൊഴി നല്‍കിയിരുന്നു. മരിക്കുന്നതിന് മുന്‍പ് അവസാനമായി സുശാന്ത് പല തവണ റിയയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

Exit mobile version