കനത്തമഴയില്‍ ജലനിരപ്പ് ഉയരുന്നു; കര്‍ണാടകയില്‍ ഡാമുകള്‍ തുറന്നു

ബംഗളൂരു: കനത്തമഴയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കാളിനദി, കന്ദ്ര നദീ തീരങ്ങളിലെ പ്രളയസാധ്യത ഒഴിവാക്കാനായാണ് ഉത്തരകന്നഡയിലെ വലിയ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.

കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകയിലെ മിക്ക നദികളിലെയും ജലനിരപ്പ് അപകട പരിധിക്കും മുകളിലാണെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കിയത്. പ്രളയ ദുരിതാശ്വാസമായി മുഖ്യമന്ത്രി 50 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

കൊടക്, ചിക് മംഗളൂരു, മൈസൂരു, ഹാസന്‍, ഗോകര്‍ണം തുടങ്ങിയ ജില്ലകളിലെല്ലാം ഇപ്പോഴും കനത്ത മഴയാണ്. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലും മഴ കനത്ത നാശം വിതച്ചിട്ടുണ്ട്. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ കര്‍ണാടകയിലും മഴ ശക്തമായി തുടരുകയാണ്. വരും ദിവസങ്ങളിലും കര്‍ണാടകയില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Exit mobile version