മൂന്നടി ആറിഞ്ച് പൊക്കം, പരിഹാസങ്ങളോട് പൊരുതി ആരതി; ഇപ്പോള്‍ രാജസ്ഥാനില്‍ അജ്‌മേര്‍ ജില്ലാ കളക്ടര്‍, അറിയാം ഈ വിജയഗാഥ

രാജസ്ഥാനിലെ അജ്‌മേര്‍ ജില്ലാ കളക്ടറാണ് ഇന്ന് പ്രചോദനമാകുന്നത്. മൂന്നടി ആറിഞ്ച് മാത്രം പൊക്കമുള്ള ആരതി ഡോഗ്രയാണ് ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്ക് പ്രചോദമാകുന്നത്. സിവില്‍ സര്‍വീസ് 2006 ബാച്ചുകാരിയാണ് ആരതി. ഡെറാഡൂണില്‍ ജനിച്ച് വളര്‍ന്ന ആരതിയ്ക്ക് ജീവിതത്തില്‍ ഉടനീളം വളര്‍ച്ച കുറവിന്റെ പേരില്‍ പരിഹാസം നേരിടേണ്ടി വന്നിരുന്നു.

എന്നാല്‍ ഈ പരിഹാസങ്ങളൊക്കെ ഒരു ചെറുപുഞ്ചിരിയോടെ നേരിട്ട് മുന്‍പോട്ട് പോവുകയായിരുന്നു. വിജയ് കോളനിയില്‍ കേണല്‍ രജേന്ദ്ര ഡോഗ്രയുടെയും അധ്യാപികയായ കുംകുവിന്റെയും മകളായി 1979 ജൂലൈ 18 നാണ് ആരതി ജനിച്ചത്. വളര്‍ച്ച കുറവുള്ള മകളെ സാധാരണ കുട്ടിയെ പോലെ വളര്‍ത്താനാണ് മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

അതുകൊണ്ടുതന്നെ അവര്‍ മറ്റൊരു കുഞ്ഞിനെ പോലും വേണ്ടെന്നുവച്ചു. ഡോക്ടര്‍മാര്‍ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരതിയുടെ മാതാപിതാക്കള്‍ ഒരു കുഞ്ഞു മതി എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ആരതി ഇക്കേണോമിക്‌സില്‍ ബിരുദം എടുത്തത് ഡല്‍ഹിയിലാണ്. തുടര്‍ന്ന് ഇക്കേണോമിക്‌സില്‍ തന്നെ പിജിയ്ക്കായി ഡെറാഡൂണിലെത്തി. അവിടെവച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ മനീഷാ പവാറിനെ കണ്ടുമുട്ടിയതോടെ സിവില്‍ സര്‍വീസ് മനസ്സില്‍ കയറിക്കൂടി. 2005 ല്‍ ആദ്യ പരിശ്രമത്തില്‍ തന്നെ 56 മത്തെ റാങ്ക് നേടി ആരതി ഐഎഎസ് സ്വന്തമാക്കുകയും ചെയ്തു.

രാജസ്ഥാന്‍ കേഡറാണ് തെരഞ്ഞെടുത്തത്. ട്രെയിനിങ് പൂര്‍ത്തിയാക്കിയശേഷം ഉദയ്പൂരില്‍ എഡിഎമ്മായി ആദ്യ നിയമനം. ശേഷം ബൂന്ദി ജില്ലാ കളക്ടര്‍, മുഖ്യമന്ത്രിയുടെ ജോയിന്റ് സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികള്‍ ആരതി അലങ്കരിച്ചു. 2019 മുതല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരുന്നു.

Exit mobile version