യുപിയില്‍ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു; ബിജെപി അധ്യക്ഷനും രോഗം

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്ങിനും കൊവിഡ് സ്ഥിരീകരിച്ചു. സ്വതന്ത്ര ദേവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ ഐസലേഷനില്‍ തുടരും. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇന്നാണ് ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രി കമല്‍ റാണി വരുണ്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ജൂലൈ 18നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലക്‌നൗവിലെ ആശുപത്രിയില്‍വച്ചാണ് മരണം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. രണ്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അമിത് ഷാ തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. അമിത് ഷായെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ എത്തിയവര്‍ ഉടന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

അതേസമയം തന്റെ ആരോഗ്യനിലയില്‍ ഭയപ്പെടേണ്ടതായ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ കൊവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത് ഷായാണ്.

Exit mobile version