കൊവിഡില്‍ നിന്ന് മുക്തി നേടി എത്തിയ നഴ്‌സായ ഭാര്യയ്ക്ക് കബാലി സ്‌റ്റൈലില്‍ വന്‍ സ്വീകരണം ഒരുക്കി ഭര്‍ത്താവ്

ബംഗളൂരു: കൊവിഡില്‍ നിന്ന് രോഗം ഭേദമായി തിരിച്ചെത്തിയ നഴ്‌സായ ഭാര്യയ്ക്ക് കബാലി സ്‌റ്റൈലില്‍ സ്വീകരണം ഒരുക്കിയ ഭര്‍ത്താവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കടുത്ത രജികാന്ത് ആരാധകന്‍ കൂടി ആയതിന്റെ അടിസ്ഥാനത്തിലാണ് ഭാര്യയ്ക്ക് കബാലി സ്‌റ്റൈലില്‍ സ്വീകരണം ഒരുക്കിയത്. കര്‍ണാടകയിലാണ് സംഭവം.

ഇവന്റ് മാനേജര്‍ കൂടിയായ രാമചന്ദ്ര റാവു, ഭാര്യ കലാവതിക്കാണ് ഇവരുടെ ഹൗസിങ് കോളനിയുടെ റോഡില്‍ റെഡ് കാര്‍പ്പെറ്റ് വിരിച്ച് സ്വീകരണമൊരുക്കിയത്. റെഡ് കാര്‍പ്പെറ്റ് മാത്രമല്ല പൂമാലയും, ചെണ്ടും താലപ്പൊലിയുമെല്ലാം ഭാര്യയ്ക്കായി രാമചന്ദ്ര റാവു ഒരുക്കിയിരുന്നു. കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന നഴ്സുകൂടിയായ കലാവതിക്ക് ആഴ്ചകള്‍ക്ക് മുമ്പാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതോടെ പത്ത് വയസ്സുകാരി മകളും രാമചന്ദ്രയും ഒറ്റയ്ക്കായി. അതുവരെ സ്നേഹത്തില്‍ കഴിഞ്ഞ അയല്‍ക്കാരെല്ലാം ഇതോടെ മാറി നിന്നു. ഇത് മനസ്സിലായതോടെയാണ് ആശുപത്രി വിട്ട് എത്തിയ ഭാര്യക്ക് സ്വീകരണമൊരുക്കാന്‍ രാമചന്ദ്ര തീരുമാനിച്ചത്. ആശുപത്രിയിലെത്തി പ്രധാന സര്‍ജനായ ഡോ. ടിഎ വീരഭദ്രയ്യ, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം പഴങ്ങളും പൂമാലകളും നല്‍കുകയും ചെയ്തു.

‘ഞാന്‍ രജനീകാന്ത് സാറിന്റെ വലിയ ഫാനാണ്, കുടുംബത്തിന്റെ ഇഷ്ടങ്ങളാണ് എനിക്ക് പ്രധാനം, പ്രത്യേകിച്ചും എന്റെ ഭാര്യയുടെ. ഞങ്ങളുടെ വീട് പത്ത് ദിവസം സീല്‍ ചെയ്തു. ഭാര്യ സുഖമായി തിരിച്ചെത്താന്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു.’ രാമചന്ദ്ര റാവു പറയുന്നു.

‘മൂന്ന് മാസം ഞാന്‍ കൊറോണ രോഗികളുടെ വാര്‍ഡില്‍ ഡ്യൂട്ടി ചെയ്തു. ജോലിക്കിടയില്‍ ധാരാളം കൊറോണ രോഗികള്‍ സുഖമാകുന്നത് കണ്ടിരുന്നു. അതുകൊണ്ട് എനിക്കും വേഗത്തില്‍ രോഗം ഭേദമാകുമെന്ന് വിശ്വാസമുണ്ടായിരുന്നു.’കലാവതിയും പ്രതികരിച്ചു.

Exit mobile version