യുഎപിഎ ചുമത്തി ഗുവാഹത്തി ജയിലിലടച്ച ഷര്‍ജീല്‍ ഇമാമിന് കൊവിഡ് സ്ഥിരീകരിച്ചു

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തില്‍ രാജ്യവിരുദ്ധ പ്രസംഗം നടത്തിയതിന് യുഎപിഎ ചുമത്തി ഗുവാഹത്തി ജയിലിലടച്ച ഷര്‍ജീല്‍ ഇമാമിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും സ്രവ പരിശോധനയിലാണ് ഷര്‍ജീല്‍ ഇമാമിന് കൊവിഡ് സ്ഥിരീകരിച്ചത് എന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്.

വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജയിലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. ജൂലായ് 17ന് ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹിയിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. അതേസമയം ഗുവാഹത്തി ജയിലിലെ 435 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തില്‍ രാജ്യവിരുദ്ധ പ്രസംഗം നടത്തിയതിനാണ് യുഎപിഎ ചുമത്തി ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി കൂടിയായ ഷര്‍ജീല്‍ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ ജനുവരി 16 നായിരുന്നു ഷര്‍ജീല്‍ പ്രസംഗിച്ചത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് ഷര്‍ജീല്‍ പ്രസംഗിച്ചുവെന്നാണ് കേസ്.

Exit mobile version