ആശുപത്രി ജീവനക്കാര്‍ കൈക്കൂലി ചോദിച്ചു; അമ്മയ്‌ക്കൊപ്പം മുത്തച്ഛന്റെ സ്‌ട്രെച്ചര്‍ തള്ളി ആറ് വയസുകാരന്‍, ഈ കാഴ്ച ഉത്തര്‍പ്രദേശില്‍, വീഡിയോ

ഗോരഖ്പുര്‍: ആശുപത്രി ജീവനക്കാര്‍ കൈക്കൂലി ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ അമ്മയ്‌ക്കൊപ്പം മുത്തച്ഛന്റെ സ്‌ട്രെച്ചര്‍ തള്ളുന്ന ആറ് വയസുകാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഉത്തര്‍പ്രദേശിലെ ദേരിയ ജില്ലാ ആശുപത്രിയിലാണ് സംഭവം.

സംഭവത്തില്‍ ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയ യുവാവിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ബാര്‍ഹജ് സ്വദേശി ഛേദി യാദവിന്റെ കൊച്ചുമകനായ ആറ് വയസുകാരനാണ് അമ്മയ്‌ക്കൊപ്പം സ്‌ട്രെച്ചര്‍ തള്ളിയത്. അപകടത്തില്‍ പരിക്കേറ്റാണ് ഛേദി യാദവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവ് ഡ്രെസ് ചെയ്യാന്‍ സര്‍ജിക്കല്‍ വാര്‍ഡില്‍നിന്ന് മറ്റൊരു മുറിയിലേക്ക് ഇദ്ദേഹത്തെ ദിവസവും കൊണ്ടുപോയിരുന്നു.

ഓരോ തവണയും ഇയാള്‍ 30 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. രണ്ട് ദിവസം മുമ്പും സ്ട്രെച്ചറില്‍ കൊണ്ടുപോകാന്‍ ഇയാള്‍ പണം ആവശ്യപ്പെട്ടെങ്കിലും ഛേദിയുടെ മകള്‍ ബിന്ദു പണം നല്‍കിയില്ല. തുടര്‍ന്ന് സ്ട്രെച്ചര്‍ ഉപേക്ഷിച്ച് ജീവനക്കാരന്‍ മടങ്ങിപ്പോവുകയായിരുന്നു. പിന്നീട്, ബിന്ദുവും ആറ് വയസ്സുകാരനായ മകന്‍ ശിവവും ചേര്‍ന്ന് രോഗിയെ സ്‌ട്രെച്ചറില്‍ തള്ളി കൊണ്ട് പോവുകയായിരുന്നു.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ ജില്ലാ മജിസ്‌ട്രേറ്റ് അമിത് കിഷോര്‍ ആശുപത്രിയില്‍ നേരിട്ടെത്തി പരിശോധന നടത്തി. ബിന്ദു യാദവിന്റെ പരാതി കേട്ട ശേഷം സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. കുറ്റക്കാരനായ ജീവനക്കാരനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായും അദ്ദേഹം അറിയിച്ചു.

Exit mobile version