കോയമ്പത്തൂരില്‍ പെരിയാര്‍ പ്രതിമയില്‍ കാവിപൂശിയ നിലയില്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെന്ന് ഡിഎംകെ എംഎല്‍എ, വ്യാപക പ്രതിഷേധം

സുന്ദരാപുരം: കോയമ്പത്തൂരില്‍ സാമൂഹികപരിഷ്‌കര്‍ത്താവും യുക്തിവാദിയുമായ പെരിയാര്‍ ഇവി രാമസ്വാമിയുടെ പ്രതിമ കാവി നിറം പൂശിയ നിലയില്‍. വെള്ളിയാഴ്ചയാണ് പ്രതിമയില്‍ കാവി നിറം പൂശിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഡിഎംകെ, എംഡിഎംകെ, വിസികെ പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തി പ്രതിഷേധം രേഖപ്പെടുത്തി. പെരിയാറിന്റെ പ്രതിമയില്‍ കാവി നിറം ചാര്‍ത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിഎംകെ നേതാക്കളും സിപിഐ ജില്ലാ സെക്രട്ടറി വി എസ് സുന്ദരവും ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ഇത്തരം ശ്രമങ്ങളെന്ന് ഡിഎംകെ എംഎല്‍എ എന്‍ കാര്‍ത്തിക് സംഭത്തില്‍ പ്രതികരിച്ചു.

ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ പ്രതിമ കഴുകി വൃത്തിയാക്കുകയും ചെയ്തു. 1995ല്‍ സ്ഥാപിച്ച പെരിയാര്‍ പ്രതിമയിലാണ് കാവി നിറം ചാര്‍ത്തിയത്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയത്. നേരത്തെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമകള്‍ തകര്‍ക്കുമെന്ന് യുവമോര്‍ച്ചയുടെ തമിഴ്‌നാട് നേതാവ് എസ് ജി സൂര്യ ട്വീറ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിമയില്‍ കാവി നിറം പൂശിയത്.

Exit mobile version