ഹ്രസ്വകാല ലോക്ഡൗണ്‍ കൊവിഡ് വ്യാപനം തടയില്ല, വ്യാപനം ഉച്ചസ്ഥായിലാക്കുന്നത് മാത്രം തടയും; നിരീക്ഷണം പങ്കുവെച്ച് ഗവേഷകര്‍

ന്യൂഡല്‍ഹി: ഹ്രസ്വകാല ലോക്ഡൗണ്‍ കൊവിഡ് വ്യാപനം തടയില്ലെന്ന് ഗവേഷകരുടെ വിലയിരുത്തല്‍. വ്യാപനം ഉച്ചസ്ഥായിലാക്കുന്നത് തടയാന്‍ മാത്രമെ സാധിക്കൂവെന്നും ഗവേഷകര്‍ പറയുന്നു. രാജ്യത്തുടനീളം മിക്ക സംസ്ഥാനങ്ങളും ചെറിയ ഇടവേളകളിലേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ഹ്രസ്വ കാലത്തേക്ക് നടപ്പിലാക്കുന്ന ലോക്ഡൗണ്‍ വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കുന്നു. ഇത് വൈറസ് വ്യാപനത്തിന്റെ ശൃംഖല തകര്‍ക്കില്ലെന്നും പകരം വൈറസ് വ്യാപനം ഉച്ചസ്ഥായിലാക്കുന്നത് തടയുക മാത്രമെ ചെയ്യുകയുള്ളൂ, ഗവേഷകര്‍ വ്യക്തമാക്കി. കര്‍ണാടക,പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ ആഴ്ചകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചിരുന്നു.

വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള 500 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘമാണ് പഠനം നടത്തിയത്. ലോക്ഡൗണിന്റെ ഫലത്തെ കൃത്യമായി വിലയിരുത്താനാകില്ലെന്നും ഗവേഷകര്‍ പറയുന്നു. കാരണം ജനങ്ങള്‍ നിയന്ത്രണങ്ങള്‍ എങ്ങനെ പാലിക്കുന്നുവെന്നും പ്രദേശിക ഭരണ കൂടങ്ങള്‍ അവ എങ്ങനെ നടപ്പിലാക്കിയെന്നതും കൃത്യമായി വിലയിരുത്താനാകില്ലെന്നും ഗവേഷകര്‍ പറയുന്നു.

Exit mobile version